ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് ഷൂ നക്കിച്ചു;’ഗോ രക്ഷകർ’ അക്രമിക്കുന്ന വീഡിയോ വൈറൽ
പൽവാൽ: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ അക്രമിച്ച് ഷൂ നക്കിച്ചു. ‘ടീം സോനു ഹിന്ദു പൽവാൽ’ എന്ന പേരിൽ അറിയപ്പെടുന്ന ഗോ രക്ഷകരാണ് ഈ അതിക്രമം നടത്തിയത്. ഇവരെ വാഹനത്തിൽ കയറ്റി ഷൂ നക്കിപ്പിക്കുന്ന വീഡിയോ പുറത്തു വന്നതോടെ നിരവധി പേർ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
പൽവാൽ മേഖലയിൽ ഇത്തരം സ്വയം പ്രഖ്യാപിത ഗോരക്ഷാ സംഘങ്ങൾ സജീവമാണെന്നും മുൻപും ഇത്തരത്തിലുള്ള അക്രമാസക്തമായ സംഭവങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ സമാനമായ സാഹചര്യത്തിൽ ഒരു ട്രക്ക് കണ്ടക്ടർ കൊല്ലപ്പെടുകയും ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. പശു സംരക്ഷണമെന്ന പേരിൽ ഇത്തരം സംഘങ്ങൾ നിയമം കൈയിലെടുക്കുകയും പരസ്യമായി മർദ്ദനമുറകൾ നടത്തുന്നതും സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും പതിവാണ്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കളുടെ മൊഴിയുടെയും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധമായ വിചാരണകൾക്കും ആക്രമണങ്ങൾക്കും എതിരെ കർശന നടപടി വേണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. പശു സംരക്ഷണ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, അത് നടപ്പിലാക്കേണ്ടത് പോലീസാണെന്നും നിയമം ലംഘിച്ച് ജനങ്ങൾ അക്രമത്തിന് മുതിരുന്നത് അംഗീകരിക്കാനാവില്ലെന്നും അധികൃതർ ആവർത്തിക്കുന്നു. നിലവിൽ പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.