പോലീസ് സൊസൈറ്റി പരീക്ഷ രഹസ്യമാക്കിയെന്ന് ആരോപണം; തടഞ്ഞ് കെ.എസ്.യു പ്രവർത്തകർ, ചോദ്യപ്പേപ്പറും ഹാൾടിക്കറ്റും വലിച്ചുകീറി
കണ്ണൂർ: കണ്ണൂർ പൊലീസ് സൊസൈറ്റിയിലെ ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷ രഹസ്യമായി സംഘടിപ്പിച്ചതാണെന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ പരീക്ഷാ ഹാൾ ഉപരോധിച്ചു. പരീക്ഷ തടഞ്ഞ പ്രതിഷേധക്കാർ ചോദ്യപ്പേപ്പറുകളും ഹാൾടിക്കറ്റുകളും വലിച്ചുകീറി എറിഞ്ഞു. നൈറ്റ് വാച്ച്‌മാൻ, പ്യൂൺ തസ്തികകളിലേക്കുള്ള നിയമനത്തിനായി ഇന്ന് രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് തടസ്സപ്പെട്ടത്. അപേക്ഷ നൽകിയ എല്ലാവർക്കും ഹാൾടിക്കറ്റ് ലഭ്യമാക്കിയില്ലെന്നും പാർട്ടിക്കാർക്ക് വേണ്ടി രഹസ്യമായാണ് പരീക്ഷ നടത്തുന്നതെന്നുമാണ് കെഎസ്‌യു ഉന്നയിക്കുന്ന പ്രധാന ആരോപണം.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരീക്ഷാ വിജ്ഞാപനം കൃത്യമായി പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നുവെന്നും സൊസൈറ്റി സെക്രട്ടറി ശ്രീജിത്ത് വ്യക്തമാക്കി. ഏപ്രിൽ മാസത്തിൽ തന്നെ വിജ്ഞാപനം വന്നിരുന്നതായും അപേക്ഷകർക്കെല്ലാം രജിസ്റ്റേർഡ് തപാൽ വഴി വിവരങ്ങൾ കൈമാറിയിരുന്നതായും അദ്ദേഹം പറഞ്ഞു. സൊസൈറ്റിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവസ്ഥലത്തെത്തിയ ടി.ഒ മോഹനൻ എംഎൽഎ, അപേക്ഷിച്ച മുഴുവൻ ഉദ്യോഗാർഥികൾക്കും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.