‘ഇനി ആക്രമിച്ചാൽ യുറേനിയം സമ്പുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് ഉയർത്തും’; യുഎസിനും ഇസ്രയേലിനും ഇറാന്റെ അന്ത്യശാസനം
തെഹ്‌റാൻ: അമേരിക്കയോ ഇസ്രയേലോ രാജ്യത്തിന് നേരെ വീണ്ടും സൈനിക ആക്രമണം നടത്തിയാൽ, യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനമായി ആയുധ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആണവ ചർച്ചകൾ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ ഇറാൻ പാർലമെന്ററി കമ്മീഷൻ വക്താവ് ഇബ്രാഹിം റെസായിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധം പുനരാരംഭിച്ചാൽ പരിഗണനയിലുള്ള പ്രധാന ഓപ്ഷനുകളിലൊന്ന് സമ്പുഷ്ടീകരണ തോത് വർധിപ്പിക്കുക എന്നതാണെന്ന് റെസായി പറഞ്ഞു. “മറ്റൊരു ആക്രമണം ഉണ്ടായാൽ 90 ശതമാനം സമ്പുഷ്ടീകരണത്തിലേക്ക് ഇറാൻ നീങ്ങിയേക്കാം,” അദ്ദേഹം എക്സിലൂടെ അറിയിച്ചു. നിലവിൽ 60 ശതമാനം പരിശുദ്ധിയിലുള്ള 440.9 കിലോഗ്രാം യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നാണ് അന്താരാഷ്ട്ര ആണവ നിരീക്ഷണ ഏജൻസിയായ IAEA-യുടെ കണക്ക്. 60-ൽ നിന്ന് ആയുധ നിലവാരമായ 90 ശതമാനത്തിലേക്ക് എത്തുന്നത് സാങ്കേതികമായി എളുപ്പമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ യുഎസ് നിരീക്ഷണത്തിലാണെന്നും ആയുധ ശേഷിയിലേക്ക് നീങ്ങിയാൽ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്നും അദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന് ഇറാൻ വാദിക്കുമ്പോഴും, സമ്പുഷ്ടീകരണം വേഗത്തിലാക്കുന്നത് ആഗോളതലത്തിൽ വലിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയരുകയാണ്.