‘നമ്മൾ ഒറ്റ രാജ്യമായിരുന്നു; പാകിസ്താനുമായുള്ള ചർച്ചയുടെ വാതിലുകൾ കൊട്ടിയടയ്ക്കരുത്’-ദത്താത്രേയ ഹൊസബാലെ
നാഗ്പൂർ: പാകിസ്താനുമായുള്ള ചർച്ചകളുടെ വാതിലുകൾ ഇന്ത്യ കൊട്ടിയടയ്ക്കരുതെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. പാകിസ്താൻ നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അയൽരാജ്യവുമായുള്ള സംവാദത്തിനുള്ള സാധ്യതകൾ എപ്പോഴും തുറന്നിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന് സാധിക്കുമെന്ന് ഹൊസബാലെ പറഞ്ഞു. ‘നമ്മൾ ഒരുകാലത്ത് ഒരേ രാജ്യമായിരുന്നു എന്നതും നമുക്കിടയിലുള്ള സാംസ്‌കാരികമായ ഇഴയടുപ്പവും പരിഗണിക്കുമ്പോൾ, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഇന്ത്യ-പാക് പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. പൊതുസമൂഹം തമ്മിലുള്ള സമ്പർക്കം ആത്യന്തികമായി പാകിസ്താനുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സഹായിക്കുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. അത്തരം ശ്രമങ്ങൾ ഇപ്പോൾ കൂടുതൽ വർധിപ്പിക്കേണ്ടതുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.
പാകിസ്താൻ ഇന്ത്യയ്ക്ക് ഒരു ചെറിയ ശല്യമായി മാറുന്നതും പുൽവാമ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ ശ്രമിക്കുന്നതും ഗൗരവകരമാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ആത്മാഭിമാനത്തിനും മുൻഗണന നൽകിക്കൊണ്ട് സർക്കാർ ഇത്തരം നീക്കങ്ങൾക്ക് തക്കതായ മറുപടി നൽകണം. എന്നാൽ, അതേസമയം തന്നെ നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ അടയ്ക്കരുത്. ആശയവിനിമയത്തിനുള്ള ഒരു ജാലകം എപ്പോഴും തുറന്നിടേണ്ടത് അത്യാവശ്യമാണെന്ന് ഹൊസബാലെ പറഞ്ഞു.
നയതന്ത്ര ബന്ധങ്ങൾ നിലനിർത്തുന്നതും വ്യാപാര-വാണിജ്യ ഇടപാടുകൾ തുടരുന്നതും വിസ അനുവദിക്കുന്നതും ചർച്ചകൾക്കുള്ള സാധ്യതകൾ നിലനിർത്താനാണ്. ഈ പ്രക്രിയകൾ തടസ്സപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനിലെ ശാസ്ത്രജ്ഞർ, കായിക താരങ്ങൾ തുടങ്ങിയവർ സമാധാനത്തിനായി മുന്നോട്ടുവരണമെന്നും എന്നാൽ പാക് സൈന്യത്തെ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി 2025 മേയിൽ ഇന്ത്യ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. പാകിസ്താന്റെ അഭ്യർത്ഥനപ്രകാരം പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷം നിലവിൽ സാഹചര്യം ശാന്തമാണെങ്കിലും, സൈനിക നീക്കം താൽക്കാലികമായി നിർത്തിവെച്ചിരിക്കുക മാത്രമാണെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഈ സാഹചര്യത്തിലാണ് ആർഎസ്എസ് നേതാവിന്റെ നിർണായക പ്രതികരണം വന്നിരിക്കുന്നത്.