61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കാൻ പോകുമ്പോൾ പ്രതിപക്ഷനേതാവായി 80 കഴിഞ്ഞ പിണറായി വേണ്ട: സിപിഎമ്മിൽ രൂക്ഷ വിമർശനം
കൊല്ലം: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്‌ഥാനവും എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ കൂട്ട ആവശ്യം ഉയർന്നു. അല്ലാത്തപക്ഷം, ഇരുവരെയും നേതൃപദവികളിൽ നിന്ന് പാർട്ടി തന്നെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഉത്തരവാദിത്തം കൃത്യമായി നിറവേറ്റാത്ത സംസ്‌ഥാന സെക്രട്ടേറിയറ്റും ഉടൻ തന്നെ പുനഃസംഘടിപ്പിക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതു വെറുമൊരു ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് വ്യക്തമായ പിണറായി-ഗോവിന്ദൻ വിരുദ്ധ തരംഗമാണെന്നും തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ കടുത്ത ഭാഷയിൽ വിമർശിച്ചു.
പേരാവൂരിൽ കെ.കെ. ശൈലജയെ വെറും ഈഗോയുടെ പേരിൽ മാത്രം കുരുതി കൊടുത്തുവെന്നും അവിടെ യഥാർത്ഥത്തിൽ മത്സരിക്കേണ്ടിയിരുന്നത് ‘ധീരനായ’ പിണറായി വിജയൻ ആയിരുന്നുവെന്നുമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ തുറന്നടിച്ചത്. കഴിഞ്ഞദിവസം പത്തനംതിട്ട, കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ ഉയർന്ന രൂക്ഷവിമർശനങ്ങളുടെ ആവർത്തനമാണ് രണ്ടിടത്തെയും ജില്ലാ കമ്മിറ്റി യോഗങ്ങളിലും ഇന്നലെ വ്യക്തമായി കണ്ടത്.
ഏറ്റവും നിശിതമായ രീതിയിലുള്ള വിമർശനം ഉയർന്നത് കൊല്ലം ജില്ലാ കമ്മിറ്റിയിലായിരുന്നു. 61 വയസ്സുള്ള മുഖ്യമന്ത്രി കേരളം ഭരിക്കാൻ പോകുമ്പോൾ പ്രതിപക്ഷനേതാവായി 80 കഴിഞ്ഞ പിണറായി വിജയൻ ഇരിക്കേണ്ടതില്ലെന്നാണ് ഉയർന്ന വാദം. പിണറായിയെ സാധാരണ ജനങ്ങൾക്കു സമീപിക്കാനാവില്ല. ഫലത്തിൽ സഭയിൽ പ്രതിപക്ഷനേതാവായി പ്രവർത്തിക്കുക ബിജെപിയുടെ പാർലമെൻ്ററി പാർട്ടി ലീഡറായിരിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പാർട്ടിയിൽ ഏകാധിപതികളുടെ കാലം കഴിഞ്ഞുവെന്ന് ഇനിമെങ്കിലും നേതാക്കൾ മനസ്സിലാക്കണം. പരനാറി, നികൃഷ്ട ജീവി, കടക്കു പുറത്ത്, വീട്ടിൽ പോയി ചോദിക്ക്, ചെറ്റ, ഡാഷ് മോൻ തുടങ്ങി പിണറായി വിജയന്റെ ധാർഷ്ട‌്യം നിറഞ്ഞ പദപ്രയോഗങ്ങളാണ് പാർട്ടിയുടെ കനത്ത തോൽവിക്കു പ്രധാന കാരണമായത്. വെറും 2000 രൂപ ക്ഷേമ പെൻഷൻ നൽകുന്നുവെന്നു പറഞ്ഞ് പിണറായി ചെയ്യുന്നതെല്ലാം ജനങ്ങൾ എപ്പോഴും അംഗീകരിക്കില്ലെന്നും വിമർശനമുയർന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന എ. വിജയരാഘവൻ തന്റെ ഭാര്യ ആർ. ബിന്ദുവിനെ മത്സരിപ്പിച്ചു മന്ത്രിയാക്കിയെങ്കിൽ ഇത്തവണ എം.വി. ഗോവിന്ദൻ ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിച്ചു മന്ത്രിയാക്കാൻ നോക്കുകയായിരുന്നു. 4 പിബി അംഗങ്ങളിൽ ഒരാൾക്ക് മരുമകനെ ഉയർത്തിക്കൊണ്ടുവരണം, മറ്റു 2 പേർക്ക് തങ്ങളുടെ ഭാര്യമാരെ മന്ത്രിമാരാക്കണം. ഇതിൻ്റെയെല്ലാം ഇരയായി ഒടുവിൽ കെ.കെ. ശൈലജ മാറിയെന്നും യോഗത്തിൽ അംഗങ്ങൾ അക്കമിട്ട് ചൂണ്ടിക്കാട്ടി.