‘വേഗം ചർച്ചയ്ക്ക് വന്നില്ലെങ്കിൽ ഒന്നും ബാക്കിയുണ്ടാകില്ല’; ആണവ സ്ഫോടന ചിത്രങ്ങളും ‘കിൽ ബട്ടൺ’ വിഡിയോയുമായി ട്രംപ്
വാഷിങ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനെതിരെ കടുത്ത സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒത്തുതീർപ്പ് ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കവേ, സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പോർവിളി നടത്തിയത്. ഇറാൻ കപ്പലുകൾക്ക് നേരെയുള്ള മിസൈൽ ആക്രമണങ്ങൾ, ബഹിരാകാശ യുദ്ധങ്ങൾ, ഇറാന്റെ ഭൂപടത്തിന് മുകളിൽ യുഎസ് പതാക എന്നിവ ചിത്രീകരിക്കുന്ന ഇരുപതിലധികം എഐ ചിത്രങ്ങളാണ് ട്രംപ് ഒന്നിനുപുറകെ ഒന്നായി പങ്കുവെച്ചത്.
ഇറാൻ്റെ അതിവേഗ ബോട്ടുകൾക്ക് നേരെ യുഎസ് ഡ്രോൺ ആക്രമണം നടത്തുന്ന ചിത്രത്തോടൊപ്പം “ബൈ ബൈ, ഫാസ്റ്റ് ബോട്ട്സ്” എന്ന കുറിപ്പും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. അമേരിക്കൻ യുദ്ധക്കപ്പൽ ഇറാൻ്റെ വിമാനത്തെ ലക്ഷ്യം വെക്കുന്ന വിഡിയോയിൽ, മേശപ്പുറത്ത് ടൈപ്പ് ചെയ്യുന്നത് പോലെ അഭിനയിച്ചുകൊണ്ട് “ബാ ബാ ബാ ബാ… ഫയർ, ബൂം” എന്ന് ട്രംപ് പറയുന്നതും കാണാം. ബഹിരാകാശത്തിരുന്ന് മിസൈൽ ആക്രമണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ചിത്രവും, ആണവ സ്ഫോടനത്തിന് സമാനമായ ദൃശ്യങ്ങൾക്ക് മുന്നിലിരുന്ന് പേടകത്തിലെ ‘കിൽ ബട്ടൺ’ അമർത്തുന്ന രൂപത്തിലുള്ള ചിത്രവും ട്രംപ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഇറാൻ എത്രയും വേഗം സമാധാന കരാറിന് തയ്യാറാകണമെന്നും അല്ലാത്തപക്ഷം അവിടെ അവശേഷിക്കാൻ ഒന്നും ഉണ്ടാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഫെബ്രുവരി 28 മുതൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ശക്തമായ ആക്രമണം ആരംഭിച്ചതോടെയാണ് മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. മാസങ്ങൾ പിന്നിട്ടിട്ടും ഇരുവിഭാഗവും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ സമാധാന ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്.
യുദ്ധത്തെ തുടർന്ന് ആഗോള എണ്ണക്കയറ്റുമതിയുടെ 20 ശതമാനത്തോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ നിലവിൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി. തങ്ങളുടെ നിബന്ധനകൾക്ക് വഴങ്ങാൻ ഇറാൻ തയ്യാറാകാത്തതിൽ ട്രംപ് കടുത്ത അതൃപ്‌തിയിലാണ്. എന്നാൽ ലബനാനിൽ ശാശ്വതമായ വെടിനിർത്തൽ പ്രഖ്യാപിക്കാതെ അമേരിക്കയുമായി മറ്റ് സമാധാന ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.