02/08/2026
[fontresizer_tawhidurrahmandear_widget]

പശ്ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി ബിജെപി സർക്കാർ

 പശ്ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി ബിജെപി സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒബിസി സംവരണവുമായി ബന്ധപ്പെട്ട് സുപ്രധാന നയമാറ്റവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. കൽക്കട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ നിലവിലുള്ള ഒബിസി പട്ടിക പൂർണ്ണമായും റദ്ദാക്കാൻ പുതിയ സർക്കാർ തീരുമാനിച്ചത്. ഇതോടൊപ്പം, സംസ്ഥാനത്ത് മതപരമായ വേർതിരിവുകളുടെ അടിസ്ഥാനത്തിൽ നൽകിവന്നിരുന്ന എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും വരും ജൂൺ മാസം മുതൽ നിർത്തലാക്കാനും സംസ്ഥാന ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ്, ന്യൂനപക്ഷ കാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പുകൾ മുഖേന നടപ്പിലാക്കിയിരുന്ന ഇത്തരം പദ്ധതികളാണ് ഇതോടെ അവസാനിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ ഉടൻ തന്നെ പുറത്തിറക്കും.

മുൻപ് അധികാരത്തിലിരുന്ന മമത ബാനർജി സർക്കാരിന്റെ കാലത്ത് 77 സമുദായങ്ങൾക്ക് ഒബിസി പദവി നൽകിയത് കൽക്കട്ട ഹൈക്കോടതിയുടെ 2024 ലെ ഉത്തരവിലൂടെ റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ മുൻ സർക്കാർ സുപ്രിംകോടതിയിൽ നൽകിയിരുന്ന ഹരജി പുതിയ ബിജെപി സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് നിലവിലുള്ള ഒബിസി പട്ടിക പൂർണമായും റദ്ദാക്കാനുള്ള സുപ്രധാന നീക്കത്തിലേക്ക് സർക്കാർ കടന്നത്. പുതിയ സാഹചര്യത്തിൽ ഒബിസി സംവരണത്തിനുള്ള യോഗ്യതയും അർഹതയ്ക്കുള്ള മാനദണ്ഡങ്ങളും ശാസ്ത്രീയമായ പഠനങ്ങളിലൂടെ നിശ്ചയിക്കുന്നതിനായി ഒരു പ്രത്യേക പാനൽ രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

2011-ൽ തൃണമൂൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ സംസ്ഥാനത്ത് വിതരണം ചെയ്ത 1.69 കോടിയോളം വരുന്ന എസ്‌സി, എസ്‌ടി, ഒബിസി സർട്ടിഫിക്കറ്റുകൾ വീണ്ടും വിശദമായി പരിശോധിക്കാനും പുതിയ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു എന്ന ആരോപണത്തെ തുടർന്നാണ് ഈ കർശന നടപടി. മുൻ സർക്കാരിന്റെ ജനപ്രിയ പദ്ധതിയായിരുന്ന ‘ദുആരെ സർക്കാർ’ വഴി വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളും ഈ പുനപ്പരിശോധനയുടെ പരിധിയിൽ വരും. പരിശോധനയിൽ അനധികൃതമായി ആർക്കെങ്കിലും സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തിയാൽ അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പുതിയ ബംഗാൾ സർക്കാർ അറിയിച്ചു.

Also read: