‘ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സമാധാനം കൊണ്ടുവന്നത് ട്രംപ്’; അവകാശവാദവുമായി കാനഡ പ്രധാനമന്ത്രി കാര്‍ണി
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് ഡൊണാൾഡ് ട്രംപ് ആണെന്ന അവകാശവാദവുമായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. അസർബൈജാനും അർമേനിയയ്ക്കും ഇടയിലും സമാധാനം കൊണ്ടുവന്ന മാറ്റത്തിൻ്റെ പ്രസിഡൻ്റ് ആണ് ട്രംപ് എന്നും കാർണി പറഞ്ഞു. വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കാനഡ പ്രധാനമന്ത്രിയുടെ പ്രശംസ.
ഡൊണാൾഡ് ട്രംപിനെ ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന പ്രസിഡന്റ് എന്നു വിശേഷിപ്പിച്ച കാര്‍ണി, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ സമാധാനം കൊണ്ടുവന്നത് ട്രംപാണെന്നും പറഞ്ഞു. രാജ്യാന്തര കാര്യങ്ങളെയും സാമ്പത്തിക സ്ഥിരതയേയും സ്വാധീനിച്ചതിനും ട്രംപിനെ കാർണി പ്രശംസിച്ചു.
“താങ്കൾ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റാണ്. സമ്പദ് വ്യവസ്ഥയിലെ പരിവർത്തനം, നാറ്റോ സഖ്യവുമായുള്ള പ്രതിബദ്ധത, ഇന്ത്യ– പാകിസ്ഥാൻ മുതൽ അസർബൈജാൻ–അർമേനിയ വരെയുള്ള രാജ്യങ്ങൾക്കിടയിലെ സമാധാനം, ഇറാനെ ഭീകരതയില്‍ നിന്ന് മുക്തമാക്കുന്ന ഇടപെടൽ എന്നിവയെല്ലാം പ്രധാനമാണ്’’– കാർണി പറഞ്ഞു.