02/06/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയുടെ 30 അത്യാധുനിക റീപ്പർ ഡ്രോണുകൾ ഇറാൻ തകർത്തു; നഷ്ടം 9,570 കോടി- റിപ്പോർട്ട്

 അമേരിക്കയുടെ 30 അത്യാധുനിക റീപ്പർ ഡ്രോണുകൾ ഇറാൻ തകർത്തു; നഷ്ടം 9,570 കോടി- റിപ്പോർട്ട്

വാഷിങ്ടൺ/തെഹ്റാൻ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ സൈനിക നഷ്ടങ്ങളുടെ കൂടുതൽ കണക്കുകൾ പുറത്തുവരുന്നു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത വ്യോമാക്രമണത്തോടെ ആരംഭിച്ച യുദ്ധത്തിൽ, അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ ‘എം.ക്യു-9 റീപ്പർ’ ഡ്രോൺ വ്യൂഹത്തിന് ഇറാൻ കനത്ത നാശനഷ്ടം വരുത്തിയതായാണ് വിവരം. അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെർഗ്’ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 30ഓളം ഡ്രോണുകൾ ഇറാൻ തകർത്തെന്നും ഇതിൽ ശതകോടികൾ നഷ്ടം വന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യുദ്ധം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 100 കോടി ഡോളർ (ഏകദേശം 9,500 കോടി രൂപ) വിലമതിക്കുന്ന യുഎസ് റീപ്പർ ഡ്രോണുകൾ ഇറാൻ സൈന്യം തകർത്തതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇത് യുദ്ധത്തിന് മുൻപ് പെന്റഗണിന്റെ കൈവശമുണ്ടായിരുന്ന ആകെ റീപ്പർ ഡ്രോണുകളുടെ 20 ശതമാനത്തോളം (അഞ്ചിലൊന്ന്) വരും. അമേരിക്കയുടെ ദൂരനിയന്ത്രിത വ്യോമചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്.

ഇറാന്റെ വ്യോമപ്രതിരോധവും തകർന്ന വീര്യവും

അമേരിക്കൻ സൈനിക കമാൻഡർമാർ തങ്ങളുടെ പൈലറ്റുമാരുടെ ജീവൻ അപകടത്തിലാക്കാതിരിക്കാൻ ഇറാൻ വ്യോമാതിർത്തിയിൽ പ്രധാനമായും ഈ റീപ്പർ ഡ്രോണുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ, ഇറാന്റെ ശക്തമായ വ്യോമപ്രതിരോധ ശൃംഖലയെയും റഡാറുകളെയും മറികടക്കാൻ ഇവയ്ക്ക് സാധിച്ചില്ല.

റിപ്പോർട്ടുകൾ പ്രകാരം, കുറഞ്ഞത് 24 മുതൽ 30 വരെ എംക്യു-9 റീപ്പർ ഡ്രോണുകളാണ് ഇതിനകം അമേരിക്കയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ ആകാശത്തുവെച്ച് വെടിവെച്ചിട്ടവയാണ്. ചില ഡ്രോണുകൾ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ തറയിൽ വെച്ചും, മറ്റ് ചിലത് സാങ്കേതിക തകരാറുകൾ മൂലമുണ്ടായ അപകടങ്ങളിലും തകർന്നുപോയതായി ഈ വിഷയവുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.

വിദേശ മണ്ണിൽ ദൂരെയിരുന്ന് യുദ്ധം നയിക്കുന്നതിനു വലിയ വില നൽകേണ്ടിവരുമെന്നാണ് ഈ യുദ്ധവും തെളിയിക്കുന്നതെന്ന് ബ്ലൂംബെർഗ് ഇക്കണോമിക്‌സിന്റെ പ്രതിരോധ വിഭാഗം തലവൻ ബെക്ക വാസ്സർ പറഞ്ഞു. ‘റീപ്പർ ഡ്രോണുകളിൽ പൈലറ്റുമാർ ഇല്ലാത്തതിനാൽ സൈനികരുടെ ജീവഹാനി ഒഴിവാക്കാം. പക്ഷേ, ഇവ വളരെ വിലകൂടിയതും നിലവിൽ പുതിയ നിർമാണ ലൈനുകൾ ഇല്ലാത്തതുമാണ്. അതിനാൽ ഇവയെ വെറുതെ കളയാവുന്ന ഒന്നായി കാണാൻ കഴിയില്ല,’ അവർ കൂട്ടിച്ചേർത്തു.

നിർമ്മാണം നിലച്ച ഡ്രോണുകൾ; പകരം വെയ്ക്കാനില്ല

ജനറൽ ആറ്റോമിക്സ് കമ്പനി നിർമിക്കുന്ന എംക്യു-9 റീപ്പർ ഡ്രോണുകൾ നിരീക്ഷണത്തിനും കൃത്യതയാർന്ന മിസൈൽ ആക്രമണങ്ങൾക്കും ഒരേപോലെ ഉപയോഗിക്കുന്നവയാണ്. അത്യാധുനിക ക്യാമറകളും സെൻസറുകളും ഘടിപ്പിച്ച ഇതിലേക്ക് ഹെൽഫയർ മിസൈലുകളും സ്മാർട്ട് ബോംബുകളും ഘടിപ്പിക്കാനാകും. ഇതിൽ ഒരൊറ്റ ഡ്രോണിന്റെ മാത്രം നിർമാണച്ചെലവ് അതിന്റെ സജ്ജീകരണങ്ങൾക്കനുസരിച്ച് ഏകദേശം മൂന്നു കോടി ഡോളറോളമാണ്.

ഇതോടൊപ്പം പെന്റഗണിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത് മറ്റൊന്നാണ്. യുഎസ് സേനയ്ക്ക് വേണ്ടി റീപ്പർ ഡ്രോണുകൾ നിർമിക്കുന്നത് ജനറൽ ആറ്റോമിക്സ് ഇതിനകം അവസാനിപ്പിച്ചിട്ടുണ്ട്. വിദേശ ഉപഭോക്താക്കൾക്കായി ഇതിന്റെ വകഭേദങ്ങൾ നിർമിക്കുന്നുണ്ടെങ്കിലും യുഎസ് സൈന്യത്തിന് ഇവ പെട്ടെന്ന് ലഭ്യമാക്കുക അസാധ്യമാണ്. ഇതിന് പകരമായി കൊണ്ടുവന്ന ജെറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘അവഞ്ചർ’ ഡ്രോണുകൾ ആകട്ടെ വെറും 10 എണ്ണം മാത്രമാണ് പെന്റഗൺ നിർമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇറാൻ വരുത്തിയ ഈ വൻ നഷ്ടം നികത്താൻ അമേരിക്ക വർഷങ്ങളോളം കാത്തിരിക്കേണ്ടി വരും.

മറ്റ് യുദ്ധവിമാനങ്ങൾക്കും കനത്ത നാശനഷ്ടം
ഡ്രോണുകൾ മാത്രമല്ല, ഇറാന്റെ പ്രത്യാക്രമണത്തിൽ അമേരിക്കയുടെ മനുഷ്യനിയന്ത്രിത യുദ്ധവിമാനങ്ങൾക്കും മിസൈൽ പ്രതിരോധ റഡാറുകൾക്കും കനത്ത ആഘാതമേറ്റിട്ടുണ്ട്. യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ (സിആർഎസ്) റിപ്പോർട്ട് പ്രകാരം യുദ്ധം തുടങ്ങിയ ശേഷം 42-ഓളം യുഎസ് വിമാനങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിന്റെ ആകെ നഷ്ടം 260 കോടി ഡോളറിലധികം വരും.

ഇതിൽ തകർന്ന വീണ യുഎസ് വിമാനങ്ങൾ താഴെ പറയുന്നവയാണ്:

  • 4 എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ
  • ഒരു എഫ്-35എ ലൈറ്റ്നിങ് കക അത്യാധുനിക യുദ്ധവിമാനം
  • ഒരു എ-10 തണ്ടർബോൾട്ട് 2 വിമാനം
  • ഏഴ് കെസി-135 ഏരിയൽ റീഫ്യൂവലിങ് ടാങ്കറുകൾ
  • ഒരു ഇ-3 സെൻട്രി അവാക്‌സ് നിരീക്ഷണ വിമാനം
  • രണ്ട് എംസി-130ജെ സ്‌പെഷ്യൽ ഓപറേഷൻസ് കാർഗോ വിമാനങ്ങൾ

ആക്രമണത്തിൽ തകർന്ന യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരെയും ജീവനക്കാരെയും പരിക്കുകളോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് മാത്രമാണ് അമേരിക്കയ്ക്ക് ആശ്വാസമേകിയത്. എന്നാൽ, നൂറുകണക്കിന് കോടി ഡോളർ വിലമതിക്കുന്ന യുഎസ് റഡാർ സംവിധാനങ്ങളും ഇറാൻ തകർത്തിട്ടുണ്ട്. ഇതിനോടകം തന്നെ ‘ഓപറേഷൻ എപിക് ഫ്യൂറി’ക്കായി അമേരിക്ക 2,900 കോടി ഡോളറിലധികം ചെലവഴിച്ചതായാണ് കണക്കുകൾ.

വെടിനിർത്തലിനിടെയും തുടരുന്ന യുദ്ധഭീതി

ഏപ്രിൽ എട്ടു മുതൽ ഇരുപക്ഷവും തമ്മിൽ താൽക്കാലികവും ദുർബലവുമായ വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെയുള്ള റോക്കറ്റ് ആക്രമണങ്ങളും സൈനിക നീക്കങ്ങളും പശ്ചിമേഷ്യയെ ഇപ്പോഴും യുദ്ധഭീതിയിൽ തന്നെ നിർത്തുകയാണ്. തങ്ങളുടെ സൈന്യം ഇറാന്റെ പകുതിയിലേറെ പ്രതിരോധ സംവിധാനങ്ങളും തകർത്തുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും അവകാശപ്പെടുമ്പോഴും, ഇറാന്റെ വ്യോമാതിർത്തി ഇപ്പോഴും യുഎസ് വിമാനങ്ങൾക്ക് അത്യന്തം അപകടകരമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also read: