ഡൽഹി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിനിടെ സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങളും വിവിധ വികസന പദ്ധതികളും അടങ്ങിയ നിവേദനം അദ്ദേഹം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.
കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ആലോചിക്കുന്ന മേക്കേദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് വിജയ് കൂടിക്കാഴ്ചയിൽ ശക്തമായി ആവശ്യപ്പെട്ടു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ തമിഴ്‌നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ അത് ദോഷകരമായി ബാധിക്കുമെന്നും കാവേരി ട്രിബ്യൂണൽ വിധിപ്രകാരമുള്ള സംസ്ഥാനത്തിന്റെ ജലാവകാശം പൂർണ്ണമായി സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
ഇതിനുപുറമെ, തമിഴ്‌നാട്ടിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ ജനക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമായി കൂടുതൽ കേന്ദ്ര സഹായം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഗര വികസനം, പൊതുഗതാഗതം, വ്യവസായ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രാനുമതി കാത്തുകിടക്കുന്ന പ്രധാന വികസന ഫയലുകളിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, സംസ്ഥാനത്തിനായുള്ള സാമ്പത്തിക പാക്കേജുകൾ ചർച്ച ചെയ്യുന്നതിനായി ധനമന്ത്രി നിർമല സീതാരാമൻ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെയും വിജയ് സന്ദർശിക്കും. തുടർന്ന് ഡൽഹിയിലെ രാഷ്ട്രീയ കൂടിയാലോചനകളുടെ ഭാഗമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.