02/06/2026
[fontresizer_tawhidurrahmandear_widget]

സ്വന്തം സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് മുതലാളി; കൈയോടെ പൊക്കി വനിതാ ജീവനക്കാര്‍

 സ്വന്തം സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് മുതലാളി; കൈയോടെ പൊക്കി വനിതാ ജീവനക്കാര്‍

തിരുവനന്തപുരം: സ്വന്തം സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രിന്റിങ് പ്രസ് ഉടമയെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. ചെക്കാലമുക്ക് സിന്ധുഭവനിൽ രാഹുൽ പി. അശോക് (38) ആണ് പിടിയിലായത്.

രാഹുലിന്റെ വീടിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന പ്രിന്റിങ് സ്ഥാപനത്തിലാണ് സംഭവം. രണ്ട് യുവതികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മാർച്ച് 13-നാണ് ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ അസ്വാഭാവികമായ രീതിയിൽ ഒരു ഉപകരണം ഘടിപ്പിച്ചിരിക്കുന്നത് ജീവനക്കാരിൽ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പവർ ബാങ്കുമായി ബന്ധിപ്പിച്ച നിലയിൽ ഒളിക്യാമറ കണ്ടെത്തുകയായിരുന്നു. ഭയന്നുപോയ യുവതി സഹപ്രവർത്തകയെ വിവരമറിയിക്കുകയും ഇരുവരും ചേർന്ന് ശ്രീകാര്യം പോലീസിൽ പരാതി നൽകുകയുമായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി അത് തള്ളി. തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് ഒളിത്താവളത്തിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദൃശ്യങ്ങൾ പകർത്താൻ പ്രതി ഉപയോഗിച്ച ഒളിക്യാമറ, പവർബാങ്ക്, മെമ്മറി കാർഡ് എന്നിവ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ ഇവ കണ്ടെത്താനാകൂ എന്ന് ശ്രീകാര്യം പോലീസ് വ്യക്തമാക്കി.

Also read: