09/06/2026
[fontresizer_tawhidurrahmandear_widget]

അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം, അമിത് ഷാ വിളിച്ചതുകൊണ്ട് ഡൽഹിയിലേക്ക് ഓടുകയാണോ? യൂസുഫ് പത്താനെതിരെ മഹുവ മൊയ്ത്ര

 അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം, അമിത് ഷാ വിളിച്ചതുകൊണ്ട് ഡൽഹിയിലേക്ക് ഓടുകയാണോ? യൂസുഫ് പത്താനെതിരെ മഹുവ മൊയ്ത്ര

മഹുവ മൊയ്ത്ര, യൂസുഫ് പത്താൻ

ന്യൂഡൽഹി: എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസ് വിമത നേതാവ് യൂസുഫ് പത്താനെതിരേ രൂക്ഷവിമർശനവുമായി ടിഎംസി എംപി മഹുവ മൊയ്ത്ര രംഗത്ത്. ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകിയാണ് നിങ്ങളെ വിജയിപ്പിച്ചത്. അല്പമെങ്കിലും ഉളുപ്പും തൻ്റേടവും വേണം. അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പത്താൻ അൽപം ധൈര്യം കാണിക്കണമെന്ന് മഹുവ വിമർശനമുന്നയിച്ചു. എക്സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

“അമിത് ഷാ വിളിച്ചതുകൊണ്ട് നിങ്ങൾ ഡൽഹിയിലേക്ക് ഓടുകയാണോ? അൽപം ധൈര്യം കാണിക്കൂ. നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ആളാണ്. നമ്മുടെ ജില്ലയിലെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വിജയിപ്പിച്ചത്.” – അവർ വിമർശിച്ചു.

2024 തിരഞ്ഞെടുപ്പിൽ ഈ എംപിമാർ വിജയിച്ചത് ടിഎംസി ടിക്കറ്റിലാണ്. എൻഡിഎയ്ക്കായിരുന്നില്ല ജനപിന്തുണ. സ്വാർഥരും അത്യാഗ്രഹികളുമായ വഞ്ചകർ ബിജെപിയിൽ ചേരൂ, രാജിവെച്ച് ബിജെപി ടിക്കറ്റിൽ മത്സരിക്കൂ. നിങ്ങൾ ഹീറോസ് ആണോ എന്ന് നമുക്ക് നോക്കാം എന്നും മഹുവ മൊയ്ത്ര എക്സ്‌സിൽ വെല്ലുവിളിച്ചു.

പാർട്ടി ചീഫ് വിപ്പായിരുന്ന കാകൊലി ഘോഷ് ദസ്‌തിദാറിന്റെ നേതൃത്തിലുള്ള 28 ടിഎംസി എംപിമാരിൽ 20 പേരാണ് ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി അറിയിച്ചത്. ലോക്സ‌ഭയിൽ പ്രത്യേക ബ്ലോക്കായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്പ‌ീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ യൂസുഫ് പത്താനും ഈ വിമതസഖ്യത്തിനൊപ്പമുണ്ട്. ചീഫ് വിപ്പ് കാകൊലി ഘോഷിന്റെ നേതൃത്വത്തിലുള്ള വിമതനീക്കത്തോടെ ടിഎംസിയിൽ വലിയ പിളർപ്പാണുണ്ടായത്. എന്നാൽ എംപിമാർ ടിഎംസി വിട്ട് ബിജെപിയിൽ ചേരുകയല്ലെന്നും പ്രത്യേക പാർലമെന്ററി ഗ്രൂപ്പായി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നുമായിരുന്നു ഇതിന് കാകൊലി ഘോഷ് ഉൾപ്പെടെയുള്ളവർ നൽകിയ വിശദീകരണം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുപിന്നാലെയാണ് ബംഗാൾ ടിഎംസിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായത്. ദിവസങ്ങൾക്ക് മുമ്പാണ് ടിഎംസി എംഎൽഎമാരിൽ ഭൂരിപക്ഷവും വിമത കലാപമുയർത്തി പ്രതിപക്ഷത്ത് പ്രത്യേക ബ്ലോക്കായി മാറിയത്. ഇവർക്കാണ് ബംഗാൾ നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചത്.

Also read: