ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ; അഭിമാന നിമിഷമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: മറാത്താ സാമ്രാജ്യത്തിൻ്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ രംഗത്ത്. ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന ചരിത്രപരമായ ബന്ധത്തെ മുൻനിർത്തിയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. അഭിമാനകരമെന്നും ചരിത്രപരമെന്നുമാണ് ഈ വാർത്തയെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്സിൽ കുറിച്ചത്.
ഛത്രപതി ശിവാജി മഹാരാജിൻ്റെ പട്ടാഭിഷേക വാർഷികമായ ശിവരാജ്യാഭിഷേക് ദിനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. 350 വർഷങ്ങൾക്ക് മുമ്പ്, 1674 ജൂൺ ആറിനായിരുന്നു ശിവാജി മഹാരാജിന്റെ പട്ടാഭിഷേകം നടന്നത്. ജൂതന്മാർ പുറംലോകത്ത് നിന്ന് ഭീഷണികൾ നേരിട്ടിരുന്ന കാലത്ത്, പീഡനങ്ങൾ നേരിടാതെ അവർ താമസിച്ചിരുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ.
നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ ഇവർ തദ്ദേശീയ ഭാഷയും സംസ്കാരവും സ്വീകരിക്കുകയും അതോടൊപ്പംതന്നെ തങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും പ്രാദേശിക സമൂഹത്തിന് വലിയ സംഭാവനകൾ നൽകുകയും ചെയ്‌തു. ശിവാജിയുടെ സൈന്യത്തിൽ ചേർന്ന് പോരാടിയ ഇവർ പിൽക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലും സജീവമായിരുന്നു. നിലവിൽ ഇസ്രയേലിൽ സ്ഥിരതാമസമാക്കിയ ഈ വിഭാഗം രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൻ്റെ അടയാളമായാണ് ഈ പ്രതിമാ നിർമാണത്തെ കാണുന്നത്. ഭാരതത്തോടുള്ള ജൂതസമൂഹത്തിൻ്റെ ആദരവും പങ്കുവെക്കപ്പെട്ട വീരചരിത്രവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൊങ്കൺ തീരത്തെ മറാഠി സംസാരിക്കുന്ന ബെനെ ഇസ്രയേൽ സമൂഹം മുതൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിലൂടെ സഞ്ചരിച്ചിരുന്ന ജൂത വ്യാപാരികൾ വരെ, ഇന്ത്യയും ജൂത ജനതയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇപ്പോൾ ഇസ്രയേലിൽ ശിവാജി പ്രതിമ സ്ഥാപിക്കുന്നതോടെ, മറാത്ത സാമ്രാജ്യവും ഛത്രപതി ശിവാജി മഹാരാജുമായി ബന്ധപ്പെട്ട പങ്കിട്ട ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ഒരു അധ്യായത്തിലേക്കാണ് വെളിച്ചം വീശുന്നത്. ‘മഹാരാജിൻ്റെ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയിൽ സ്മാരകം നിർമിക്കുന്നതിന് ഞങ്ങൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ സഹകരണം തേടുകയും അദ്ദേഹം അത് ഉടൻ തന്നെ സമ്മതിക്കുകയും ചെയ്‌തു.’ എന്ന് മുംബൈയിലെ ഇസ്രയേൽ കോൺസുൽ ജനറൽ യാനിവ് റെവാച്ച് പറഞ്ഞു.