11/06/2026
[fontresizer_tawhidurrahmandear_widget]

ഫ്ലാറ്റിൽ നിന്ന് വീണ കുഞ്ഞിനെ കൈകളിൽ താങ്ങി ജസീൽ; ലണ്ടനിൽ മൂന്ന് വയസ്സുകാരിക്ക് രക്ഷകനായത് മലപ്പുറത്തുകാരൻ

 ഫ്ലാറ്റിൽ നിന്ന് വീണ കുഞ്ഞിനെ കൈകളിൽ താങ്ങി ജസീൽ; ലണ്ടനിൽ മൂന്ന് വയസ്സുകാരിക്ക് രക്ഷകനായത് മലപ്പുറത്തുകാരൻ

മലപ്പുറം: ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ അപകടകരമായ രീതിയിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരിക്ക് രക്ഷകനായി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീൽ ആണ് സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. തൊട്ടടുത്തുള്ള ഫ്ലാറ്റിൽനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫ്ലാറ്റിന് പുറത്ത് ഒരു കുട്ടി തൂങ്ങിനിൽക്കുന്നത് ജസീലിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ ജസീൽ, മുകളിൽനിന്ന് താഴേക്ക് വഴുതിവീണ കുട്ടിയെ കൃത്യസമയത്ത് കൈകളിൽ താങ്ങിപ്പിടിക്കുകയായിരുന്നു. താൻ താമസിക്കുന്ന സ്ഥലത്തുനിന്ന് ആറ് ഫ്ലാറ്റുകൾക്കപ്പുറത്താണ് സംഭവം നടന്നതെന്ന് ജസീൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാവിലെ ജോലിക്ക് പോകാനായി വസ്ത്രം മാറുന്നതിനിടയിലാണ് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കെട്ടിടത്തിൽ തൂങ്ങിപ്പിടിച്ചു നിൽക്കുന്ന കുഞ്ഞിനെ കണ്ടതെന്ന് ജസീൽ പറഞ്ഞു. പിന്നീട് ഒന്നും ആലോചിച്ചില്ല, അങ്ങോട്ട് ഓടുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും ഒരു പൊലീസുകാരനും സഹായത്തിനായി ഒപ്പം വന്നിരുന്നു.

കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു കുട്ടി തൂങ്ങിപ്പിടിച്ചു നിന്നിരുന്നത്. കടുത്ത ചൂട് കാരണം പൊലീസുകാരന് കുട്ടിയെ സുരക്ഷിതമായി പിടിക്കാൻ കഴിയാതെ വന്നു. ഇതിനിടയിൽ കുട്ടി കൈവിട്ട് താഴേക്ക് വഴുതിവീഴുകയും ജസീൽ കുട്ടിയെ പിടിക്കുകയുമായിരുന്നു. താൻ പിടിച്ചില്ലായിരുന്നെങ്കിൽ കുഞ്ഞ് താഴേക്ക് വീണ് വലിയ അപകടം സംഭവിച്ചേനെ എന്നും, ദൈവാനുഗ്രഹം കൊണ്ട് മറ്റ് പരിക്കുകളോ കുഴപ്പങ്ങളോ ഒന്നും ഉണ്ടായില്ലെന്നും ജസീൽ വ്യക്തമാക്കി.

ഒരാൾക്ക് മാത്രം കഷ്ടിച്ച് നിൽക്കാൻ പറ്റുന്ന സ്ഥലമായിരുന്നു അത്. ചൂടുകാലമായതിനാൽ ജനൽ തുറന്നിട്ടപ്പോഴാകാം കുട്ടി അബദ്ധത്തിൽ പുറത്തേക്ക് കടന്നതെന്നാണ് കരുതുന്നത്. കുട്ടിയെ സുരക്ഷിതമായി കുടുംബാംഗങ്ങളുടെ കൈകളിൽ ഏൽപ്പിച്ച ശേഷമാണ് ജസീൽ മടങ്ങിയത്. കുട്ടിയെ രക്ഷപ്പെടുത്താനായി ഷർട്ട് പോലും ഇടാതെ ജസീൽ കെട്ടിടത്തിലൂടെ കയറുന്നതിന്റെയും താഴേക്ക് വീണ കുട്ടിയെ പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ജസീലിന്റെ ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Also read: