മൈക്രോഫിനാൻസ് തട്ടിപ്പ്: ’25 ലക്ഷം വായ്പ തരാം, 10 ലക്ഷം കണക്കിൽപ്പെടുത്താതെ എനിക്ക് തരണം’, വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ മൊഴികൾ
കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പ് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിജിലൻസിന് മൊഴി. യൂണിയൻ ഭാരവാഹികളെ പ്രലോഭിപ്പിച്ച് വായ്പയെടുപ്പിച്ച ശേഷം അതിൽ നിന്നും വിഹിതം തട്ടാൻ വെള്ളാപ്പള്ളി ശ്രമിച്ചുവെന്നാണ് പുതിയ മൊഴി. ദീർഘകാലം കുട്ടനാട് യൂണിയൻ ഭാരവാഹിയായിരുന്ന പി.പി മധുസൂദനനാണ് വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
തന്റെ ജന്മദിന പരിപാടിക്ക് വിളിച്ചുവരുത്തി 25 ലക്ഷം രൂപ വായ്പ നൽകാമെന്നും, അതിൽ 10 ലക്ഷം രൂപ കണക്കിൽപ്പെടുത്താതെ തനിക്ക് നൽകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടതായി മധുസൂദനൻ വെളിപ്പെടുത്തി. ബാക്കി 15 ലക്ഷം രൂപ യൂണിയന് കൈകാര്യം ചെയ്യാമെന്നും പതുക്കെ അടച്ചുതീർത്താൽ മതിയെന്നുമാണ് നിർദേശിച്ചത്. വ്യക്തിപരമായ ലാഭത്തിനും, ഒപ്പം നിൽക്കുന്നവരുടെ പിന്തുണ ഉറപ്പാക്കാനുമാണ് ജനറൽ സെക്രട്ടറി ഇത്തരം വഴിവിട്ട സഹായങ്ങൾ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക വികസന കോർപറേഷനിൽ നിന്ന് മൂന്ന് ശതമാനം പലിശയ്ക്ക് എടുത്ത വായ്പാ തുക വകമാറ്റി 12 ശതമാനം പലിശയ്ക്കാണ് ഈടാക്കിയിരുന്നത്. തട്ടിപ്പുസംഘങ്ങൾക്ക് വായ്പ നൽകാൻ വിസമ്മതിച്ചതിന് വെള്ളാപ്പള്ളി തന്നെ അസഭ്യം പറഞ്ഞതായും മധുസൂദനൻ വിജിലൻസിനോട് വ്യക്തമാക്കി. ഈ ഇടപാടുകളിലെല്ലാം രേഖകളിൽ ഒപ്പിട്ടിരിക്കുന്നത് വെള്ളാപ്പള്ളി നടേശൻ തന്നെയായതിനാൽ, കുറ്റം യൂണിയൻ ഭാരവാഹികളുടെ മേൽ ചാരി അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മധുസൂദനൻ കൂട്ടിച്ചേർത്തു.