19/06/2026
[fontresizer_tawhidurrahmandear_widget]

അങ്കിത ഭണ്ഡാരി കൊലപാതകത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്ക് പങ്കെന്ന് വെളിപ്പെടുത്തൽ; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട മുൻ എം.എൽ.എ അറസ്റ്റിൽ

 അങ്കിത ഭണ്ഡാരി കൊലപാതകത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്ക് പങ്കെന്ന് വെളിപ്പെടുത്തൽ; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട മുൻ എം.എൽ.എ അറസ്റ്റിൽ

ഡെറാഡൂൺ: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകക്കേസിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തി മുൻ ബിജെപി എം.എൽ.എയുടെ അറസ്റ്റ്. കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ പാർട്ടി ചുമതലക്കാരനുമായ ദുഷ്യന്ത് കുമാർ ഗൗതമിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഓഡിയോ-വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചതിന് മുൻ ബിജെപി എം.എൽ.എ സുരേഷ് റാത്തോഡിനെ ഡെറാഡൂൺ പോലീസ് അറസ്റ്റ് ചെയ്തു. ഹരിദ്വാറിലെ ഭഗ്വാൻപൂരിലുള്ള ഓഫീസിൽനിന്ന് കസ്റ്റഡിയിലെടുത്ത റാത്തോഡിനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

കൊലപാതകത്തിന് പിന്നിലെ ‘വി.ഐ.പി’ ബിജെപിയുടെ ഉയർന്ന നേതാവാണെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതോടെ കേസിൽ വൻ രാഷ്ട്രീയ അട്ടിമറിയും ഉന്നതതല ഇടപെടലുകളും നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

വിവാദ ഓഡിയോ ക്ലിപ്പും ‘വി.ഐ.പി’ വെളിപ്പെടുത്തലും

2022 സെപ്റ്റംബറിലാണ് ഋഷികേശിലെ വനന്തര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19 വയസ്സുകാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. റിസോർട്ടിലെത്തുന്ന ഒരു ‘വി.ഐ.പി’ക്ക് ‘പ്രത്യേക സേവനങ്ങൾ'(ലൈംഗിക ആവശ്യങ്ങൾ) നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അങ്കിതയെ റിസോർട്ട് ഉടമയും ബിജെപി മുൻ നേതാവ് വിനോദ് ആര്യയുടെ മകനുമായ പുൽകിത് ആര്യയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. അങ്കിത കൊല്ലപ്പെട്ടതു മുതൽ ആരാണ് ആ ‘വി.ഐ.പി’ എന്നത് സംബന്ധിച്ച് ഉത്തരാഖണ്ഡിൽ വലിയ ജനരോഷവും ദുരൂഹതയും നിലനിന്നിരുന്നു.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഡിസംബറിൽ നടി ഊർമിള സനവർ ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പുറത്തുവിടുന്നത്. സുരേഷ് റാത്തോഡും ഊർമിളയും തമ്മിലുള്ള സംഭാഷണമാണ് ഈ ഓഡിയോയിൽ ഉണ്ടായിരുന്നത്. അങ്കിത ഭണ്ഡാരിയോട് പ്രത്യേക സേവനം ആവശ്യപ്പെട്ട ആ ദുരൂഹ വി.ഐ.പി ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം ആണെന്ന് റാത്തോഡ് ഈ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. ഓഡിയോ ക്ലിപ്പ് പിന്നീട് കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

ബിജെപിയുടെ പരാതിയും കേസും

ഓഡിയോ ക്ലിപ്പ് വൈറലാവുകയും ദേശീയ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തതോടെ ജനുവരി അഞ്ചിന് ദുഷ്യന്ത് കുമാർ ഗൗതം ഡെറാഡൂണിലെ ദലൻവാല പോലീസ് സ്റ്റേഷനിൽ സുരേഷ് റാത്തോഡിനും ഊർമിളയ്ക്കുമെതിരെ പരാതി നൽകി. തന്നെയും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളെയും അപകീർത്തിപ്പെടുത്താനും സമൂഹത്തിൽ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുമായി പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് പ്രതികൾ കെട്ടിച്ചമച്ച ഓഡിയോയാണ് ഇതെന്നായിരുന്നു ഗൗതമിന്റെ പരാതി.

ഭാരതീയ ന്യായ സംഹിതയിലെ(ബിഎൻഎസ്) ഗൂഢാലോചന, പൊതുശല്യം, അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തി പണംതട്ടൽ തുടങ്ങിയ വകുപ്പുകളും ഐടി ആക്ടും പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇതിന് പുറമെ ദുഷ്യന്ത് ഗൗതം ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഗൗതമിനെ കൊലപാതകക്കേസുമായി ബന്ധിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും നിർദേശം നൽകിയിരുന്നു.

നാടകീയമായ അറസ്റ്റ്

തനിക്കെതിരെ ഉത്തരാഖണ്ഡിലെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത നാല് എഫ്.ഐ.ആറുകളിൽ രണ്ടെണ്ണം ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയതായി കഴിഞ്ഞ ദിവസം സുരേഷ് റാത്തോഡ് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ദലൻവാല, നെഹ്റു കോളനി പോലീസ് സ്റ്റേഷനുകളിലെ മറ്റ് രണ്ട് കേസുകളിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ജസ്റ്റിസ് രാകേഷ് ഥപ്ലിയാൽ അധ്യക്ഷനായ സിംഗിൾ ബെഞ്ച് പോലീസിന് അനുമതി നൽകി.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഹരിദ്വാറിലെ ഓഫീസിൽനിന്ന് ഡെറാഡൂൺ പോലീസ് റാത്തോഡിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ ഇയാളെ സുധോവാല ഡിസ്ട്രിക്റ്റ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

രാഷ്ട്രീയ പകപോക്കലെന്ന് റാത്തോഡ്

താൻ ബിജെപിയുടെ മുതിർന്ന നേതാക്കൾക്കോ മുഖ്യമന്ത്രിയ്ക്കോ എതിരെ യാതൊരു പരാമർശവും നടത്തിയിട്ടില്ലെന്നും ഓഡിയോ ക്ലിപ്പ് താൻ പ്രചരിപ്പിച്ചതല്ലെന്നുമാണ് സുരേഷ് റാത്തോഡ് പോലീസിനോട് പറഞ്ഞത്. തന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ചിലർ നടത്തുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്നും രാഷ്ട്രീയ പകപോക്കലാണു നടക്കുന്നതെന്നും റാത്തോഡ് ആരോപിച്ചു.

ഹരിദ്വാറിലെ ജ്വാലാപൂർ മണ്ഡലത്തിൽനിന്നുള്ള മുൻ ബിജെപി എം.എൽ.എയായ സുരേഷ് റാത്തോഡിനെ പാർട്ടി അച്ചടക്ക ലംഘനത്തിന് മുൻപ് ആറ് വർഷത്തേക്ക് ബിജെപിയിൽനിന്ന് പുറത്താക്കിയിരുന്നു. ബഹുഭാര്യത്വം നിരോധിക്കുന്ന ഉത്തരാഖണ്ഡിലെ ഏകസിവിൽ കോഡ് നിയമങ്ങൾ ലംഘിച്ച് നടി ഊർമിള സനവറിനെ രണ്ടാമത് വിവാഹം കഴിച്ചതിനെ തുടർന്നായിരുന്നു പാർട്ടി നടപടി. എന്നാൽ, പിന്നീട് താൻ ഊർമിളയെ വിവാഹം കഴിച്ചിട്ടില്ലെന്ന് റാത്തോഡ് അവകാശപ്പെട്ടിരുന്നു.

അങ്കിത കേസ് വീണ്ടും സജീവ ചർച്ചയിലേക്ക്

മുൻ ബിജെപി എം.എൽ.എയുടെ അറസ്റ്റോടെ അങ്കിത ഭണ്ഡാരി കൊലപാതകം വീണ്ടും ദേശീയ തലത്തിൽ ചർച്ചയായിരിക്കുകയാണ്. അങ്കിതയുടെ മരണത്തിന് ഉത്തരവാദിയായ വി.ഐ.പി ആരാണെന്ന് വെളിപ്പെടുത്താൻ തുടക്കം മുതൽ ബിജെപി സർക്കാർ മടിക്കുകയാണെന്നും, ഇപ്പോൾ സത്യം പുറത്തുപറഞ്ഞ സ്വന്തം പാർട്ടിയുടെ മുൻ എം.എൽ.എയെ തന്നെ ജയിലിലടച്ച് വായടപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

കൊലപാതകം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും യഥാർഥ വി.ഐ.പിയെ സംരക്ഷിക്കാൻ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് തകർത്തത് ഉൾപ്പെടെയുള്ള അട്ടിമറി നീക്കങ്ങൾ ബിജെപി എം.എൽ.എ രേണു ബിഷ്ടിന്റെ നേതൃത്വത്തിൽ നടന്നതായും ആരോപണമുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന അങ്കിതയുടെ മാതാപിതാക്കളുടെ ആവശ്യം ഇപ്പോഴും ശക്തമായി തുടരുകയാണ്.

Also read: