വിസാ കുരുക്കഴിഞ്ഞില്ല; കുടുംബത്തെ കാണാനാകാതെ 10 വർഷം മണലാരണ്യത്തിൽ-ഒടുവിൽ ചേതനയറ്റ് ഹരിദാസിന്റെ മടക്കം
റിയാദ്: വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ കാരണം ഒരു പതിറ്റാണ്ടുകാലം ജന്മനാട്ടിലേക്ക് മടങ്ങാനാകാതെ മനമുരുകി കഴിഞ്ഞ മലയാളി പ്രവാസി സൗദി അറേബ്യയിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല ജനാർദനപുരം ‘ശ്രീ ജനാർദനം’ വീട്ടിൽ ആർ. ഹരിദാസ് (57) ആണ് സൗദിയിലെ വടക്കൻ മേഖലയിലുള്ള റഫായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പ്രിയപ്പെട്ടവരെ നേരിൽ കാണാൻ കഴിയാതെ, ഒടുവിൽ ചേതനയറ്റ ശരീരമായാണ് ഈ പ്രവാസി ജന്മനാട്ടിലേക്ക് മടങ്ങുന്നത്.
കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരനു കീഴിൽ വിശ്വസ്തതയോടെ ജോലി ചെയ്തുവരികയായിരുന്നു ഹരിദാസ്. എന്നാൽ, കഴിഞ്ഞ പത്ത് വർഷമായി വിസയുമായി ബന്ധപ്പെട്ട് ഉണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളും നിയമക്കുരുക്കുകളും കാരണം അദ്ദേഹത്തിന് നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. നിയമപരമായ തടസ്സങ്ങൾ നീക്കി എന്ന് പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങാനാകും എന്ന കാത്തിരിപ്പിനിടയിലാണ് വിധി ഹൃദയാഘാതത്തിന്റെ രൂപത്തിൽ ഹരിദാസിന്റെ ജീവൻ കവർന്നത്. മണലാരണ്യത്തിലെ കഠിനാധ്വാനത്തിനിടയിലും മനസ്സ് നിറയെ നാട്ടിലെ കുടുംബത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു അദ്ദേഹത്തിന്.
ഹരിദാസിന്റെ അപ്രതീക്ഷിത വിയോഗം വർക്കലയിലെ അദ്ദേഹത്തിന്റെ കുടുംബത്തെ ആകെ തളർത്തിയിരിക്കുകയാണ്. എം.എസ് ശ്രീകലയാണ് ഹരിദാസിന്റെ ഭാര്യ. നിതിൻ കൃഷ്ണ(26), നിഖിൽ കൃഷ്ണൻ എച്ച്(21) എന്നിവർ മക്കളാണ്. അച്ഛൻ എപ്പോൾ നാട്ടിലെത്തും എന്ന് കാത്തിരുന്ന മക്കൾക്ക് മുന്നിലേക്ക് ഇനി ഹരിദാസ് ഒരു ഓർമയായി മാത്രമേ എത്തുകയുള്ളൂ എന്ന യാഥാർഥ്യം വലിയ നോവായി മാറുകയാണ്.
റഫായിൽ മരണപ്പെട്ട ഹരിദാസിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പ്രവാസി സാമൂഹിക പ്രവർത്തകരായ നാസർ കല്ലറ, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ഔദ്യോഗിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വിസാ നിയമക്കുരുക്കുകൾ ജീവനോടെയുള്ള മടക്കയാത്രയ്ക്ക് തടസ്സമായെങ്കിലും, പ്രിയപ്പെട്ടവന്റെ ശരീരം അവസാനമായി ഒരുനോക്ക് കാണാൻ കാത്തിരിക്കുകയാണ് കുടുംബവും ജന്മനാടും.