19/06/2026
[fontresizer_tawhidurrahmandear_widget]

ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി; ‘ഇൻഡ്യ’ സഖ്യത്തിൽ വോട്ട് ചോർന്നു, എൻഡിഎ സ്ഥാനാർഥി രാജ്യസഭയിലേക്ക്

 ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി; ‘ഇൻഡ്യ’ സഖ്യത്തിൽ വോട്ട് ചോർന്നു, എൻഡിഎ സ്ഥാനാർഥി രാജ്യസഭയിലേക്ക്

റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ജാർഖണ്ഡിൽ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ സഖ്യത്തിന് കനത്ത പ്രഹരം. കടുത്ത അനിശ്ചിതത്വങ്ങൾക്കും ക്രോസ് വോട്ടിങ്ങിനുമൊടുവിൽ ഒഴിഞ്ഞുകിടന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി വിജയിച്ചു. സഖ്യകക്ഷികൾക്കിടയിലെ വോട്ട് ചോർച്ചയെത്തുടർന്ന് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രണവ് ഝാ ദയനീയമായി പരാജയപ്പെട്ടു.

ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ ബൈദ്യനാഥ് റാം 30 വോട്ടുകൾ നേടി ഒന്നാം സീറ്റിൽ സുരക്ഷിതമായി വിജയിച്ചു. എന്നാൽ, രണ്ടാം സീറ്റിനായി നടന്ന കടുത്ത പോരാട്ടത്തിലാണ് കോൺഗ്രസിനെ അട്ടിമറിച്ച് പരിമൾ നത്വാനി സഭയിലെത്തിയത്.

വോട്ടുകണക്കിലെ രാഷ്ട്രീയ അത്ഭുതം

81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഒരു രാജ്യസഭാ സ്ഥാനാർത്ഥിക്ക് വിജയമുറപ്പിക്കാൻ 28 ഒന്നാം മുൻഗണനാ വോട്ടുകളാണ് വേണ്ടിയിരുന്നത്. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് സഭയിൽ കേവലം 24 എംഎൽഎമാരുടെ ശക്തി മാത്രമാണുണ്ടായിരുന്നത്. അതായത് വിജയസംഖ്യയെക്കാൾ നാലു വോട്ടുകൾ കുറവ്. മറുഭാഗത്ത് ജെഎംഎമ്മും കോൺഗ്രസും ഉൾപ്പെടുന്ന ഭരണപക്ഷത്തിന് 56 എംഎൽഎമാരുടെ വൻ ഭൂരിപക്ഷമുണ്ടായിരുന്നു. കൃത്യമായി വോട്ട് ചെയ്തിരുന്നെങ്കിൽ രണ്ട് സീറ്റും ഇൻഡ്യ സഖ്യത്തിന് എളുപ്പത്തിൽ നേടാമായിരുന്നു.

എന്നാൽ, വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ എൻഡിഎ പിന്തുണച്ച പരിമൾ നത്വാനി കൃത്യം 28 വോട്ടുകൾ നേടി വിജയം ഉറപ്പിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പ്രണവ് ഝായ്ക്ക് ലഭിച്ചതാകട്ടെ വെറും 20 വോട്ടുകൾ മാത്രം. തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ മൂന്നെണ്ണം അസാധുവായി പ്രഖ്യാപിച്ചു (രണ്ട് ബിജെപി വോട്ടുകളും ഒരു കോൺഗ്രസ് വോട്ടും).

ചതിക്കപ്പെട്ടെന്ന് കോൺഗ്രസ്; സഖ്യത്തിൽ പരസ്യപ്പോര്

പരാജയത്തിന് പിന്നാലെ ഇൻഡ്യ സഖ്യത്തിനുള്ളിൽ പരസ്യമായ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. സഖ്യകക്ഷികളായ രാഷ്ട്രീയ ജനതാദളും(ആർജെഡി) സിപിഐ(എംഎൽ) ലിബറേഷനും തങ്ങളെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് പരസ്യമായി കുറ്റപ്പെടുത്തി.

‘ആർജെഡിയുടെ നാല് എംഎൽഎമാരും സിപിഐ(എംഎൽ) ലിബറേഷന്റെ രണ്ട് എംഎൽഎമാരും കോൺഗ്രസിന് വോട്ട് ചെയ്യാതെ ചതിച്ചു. ബിജെപി പണക്കൊഴുപ്പും കുതിരക്കച്ചവടവും നടത്തിയാണ് ഈ വിജയം സ്വന്തമാക്കിയത്. ജെഎംഎം നൽകിയ നാലു വോട്ടുകളും കോൺഗ്രസിന്റെ 16 വോട്ടുകളും കൃത്യമായി ലഭിച്ചിട്ടുണ്ട്.’-ജാർഖണ്ഡ് കോൺഗ്രസ് ചുമതലയുള്ള കെ. രാജു പ്രതികരിച്ചു.

എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങൾ ആർജെഡിയും ഇടതുപക്ഷവും പൂർണമായി തള്ളി. കോൺഗ്രസ് തങ്ങളുടെ പരാജയത്തിന് ചെറിയ പാർട്ടികളെ ബലിയാടാക്കുകയാണെന്നും സ്വന്തം അണികളെ ഒപ്പം നിർത്താൻ കഴിയാത്തതാണ് തോൽവിക്ക് കാരണമെന്നും അവർ തിരിച്ചടിച്ചു. വലിയൊരു ചതിയാണ് നടന്നതെന്നാണ് കോൺഗ്രസ് മന്ത്രി ദീപിക പാണ്ഡെ ഇതിനോട് പ്രതികരിച്ചത്. അതേസമയം, ബിജെപി എംഎൽഎ നീര യാദവ് ‘ജയ് ശ്രീറാം, പണി കഴിഞ്ഞു’ എന്ന് പ്രതിപക്ഷത്തെ പരിഹസിച്ചു.

ചരിത്ര വിജയവുമായി പരിമൾ നത്വാനി

റിലയൻസ് ഇൻഡസ്ട്രീസ് കോർപറേറ്റ് അഫയേഴ്‌സ് ഡയറക്ടർ കൂടിയായ പരിമൾ നത്വാനി ഇതോടെ നാലാം തവണയാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2008 മുതൽ 2020 വരെ ജാർഖണ്ഡിൽനിന്ന് രണ്ട് തവണ സ്വതന്ത്ര എംപിയായിരുന്ന അദ്ദേഹം പിന്നീട് ആന്ധ്രാപ്രദേശിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. തന്റെ ‘കർമഭൂമി’യായ ജാർഖണ്ഡിലേക്കുള്ള തിരിച്ചുവരവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതാക്കൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

Also read: