20/06/2026
[fontresizer_tawhidurrahmandear_widget]

ഉടുതുണി നൽകി അപടകത്തിൽപ്പെട്ട സ്ത്രീയുടെ മാനം കാത്തു; ഷാജിയെ നേരിട്ടുകാണാൻ മുഖ്യമന്ത്രി എത്തുന്നു

 ഉടുതുണി നൽകി അപടകത്തിൽപ്പെട്ട സ്ത്രീയുടെ മാനം കാത്തു; ഷാജിയെ നേരിട്ടുകാണാൻ മുഖ്യമന്ത്രി എത്തുന്നു

ഷാജി

തൃപ്പൂണിത്തുറ: റോഡപകടത്തിൽപ്പെട്ട് ചോരയിൽ കുളിച്ചു കിടന്ന സ്ത്രീയുടെ നഗ്നത മറയ്ക്കാൻ താൻ ഉടുത്തിരുന്ന മുണ്ടഴിച്ചു നൽകി നന്മയുടെ പ്രതീകമായി മാറിയ ചായവിൽപ്പനക്കാരൻ എം.ആർ. ഷാജിയെ കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുന്നു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ വീട്ടിൽ ഷാജി (52) എന്ന സൈക്കിളിൽ ചായ വിൽക്കുന്ന ഈ സാധാരണക്കാരന് നേരെ ഇപ്പോൾ നാടിന്റെ വലിയ അഭിനന്ദനപ്രവാഹമാണ്.

കഴിഞ്ഞ ജൂൺ 16-ന് ഉച്ചയ്ക്ക് 12 മണിയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷന് സമീപമാണ് മനസ്സാക്ഷിയെ തൊട്ട ഈ സംഭവം നടന്നത്. പതിവുപോലെ സൈക്കിളിൽ ചായ വിതരണം നടത്തുന്നതിനിടയിലാണ് വലിയൊരു ശബ്ദവും നിലവിളിയും ഷാജി കേൾക്കുന്നത്. ഓടിച്ചെന്നപ്പോൾ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി വണ്ടിയുടെ മുൻചക്രത്തിനടിയിൽ പെട്ടുകിടക്കുന്നതാണ് കണ്ടത്. ഓടിക്കൂടിയവർക്കൊപ്പം ചേർന്ന് ഇവരെ പുറത്തെടുത്തപ്പോൾ, വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഷാജി താൻ ഉടുത്തിരുന്ന മുണ്ടഴിച്ച് ആ സ്ത്രീയുടെ ശരീരം മറയ്ക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ചോറ്റാനിക്കര എരുവേലി സ്വദേശിനി ഷീജാ ജോർജിനെ (52) ഉടൻ തന്നെ ഓട്ടോയിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ മുണ്ടില്ലാതെ റോഡിൽ നിന്ന ഷാജിക്ക് സമീപത്തെ തുണിക്കടയുടമ പുതിയ മുണ്ട് നൽകി. തുടർന്ന് ആ മുണ്ടുടുത്ത് ഷാജി വീണ്ടും തന്റെ ചായക്കച്ചവടവുമായി മുന്നോട്ടുപോയി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളി വന്നതായും കൊച്ചിയിൽ എത്തുമ്പോൾ നേരിട്ട് കാണാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഷാജി പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലടക്കം ഷാജിയുടെ ഈ വലിയ മനസ്സിന് കയ്യടിക്കുകയാണ് ലക്ഷക്കണക്കിന് ആളുകൾ.

Also read: