അലന്ദിലെ വോട്ടര്‍മാരെ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തത് ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ച്; രാഹുല്‍ ഗാന്ധിയെ ശരിവച്ച് എസ്‌ഐടി
ബെംഗളൂരു: 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്‌ഐടി) കണ്ടെത്തല്‍. അലന്ദിലെ വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് എസ്‌ഐടി റിപ്പോര്‍ട്ട്. ഒരു ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വോട്ടറെ നീക്കം ചെയ്യാനുള്ള അപേക്ഷയ്ക്കും 80 രൂപ വീതം പ്രതിഫലം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി.
വോട്ടര്‍ പട്ടികയില്‍നിന്ന് നിയമവിരുദ്ധമായി പേര് നീക്കം ചെയ്യാന്‍ ഡിസംബര്‍ 2022 നും ഫെബ്രുവരി 2023 നും ഇടയില്‍ 6,018 അപേക്ഷകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതിനായി ആകെ 4.8 ലക്ഷം രൂപ നല്‍കി. കലബുറഗി ജില്ലാ ആസ്ഥാനത്തുള്ള ഒരു ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും എസ്‌ഐടി കണ്ടെത്തി. പ്രതി ചോദ്യം ചെയ്യലിന് ശേഷം ദുബൈയിലേക്ക് കടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2023ലെ തെരഞ്ഞെടുപ്പില്‍ അലന്ദില്‍ പരാജയപ്പെട്ട ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ ദിവസങ്ങള്‍ക്കു മുന്‍പ് എസ്‌ഐടി റെയ്ഡ് നടന്നിരുന്നു. ഏഴിലധികം ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തു. ഈ തട്ടിപ്പിനായി പണം എവിടെ നിന്നാണ് വന്നതെന്നും അന്വേഷിച്ച് വരികയാണ്.
എസ്‌ഐടി കണ്ടെത്തലുകള്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണെന്ന് പാര്‍ട്ടി വക്താവ് പവന്‍ ഖേര പ്രതികരിച്ചു. വോട്ട് ചെയ്യാനുള്ള പവിത്രമായ അവകാശം വെറും 80 രൂപയുടെ ചരക്കായി ചുരുക്കപ്പെട്ടുവെന്നും വോട്ടര്‍ പട്ടിക തിരിമറി യാദൃശ്ചികമല്ലെന്നും ആസൂത്രിതമായ തട്ടിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.