‘ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ഗസ്സ പുനര്‍നിര്‍മിക്കും’; ദൗത്യം തുര്‍ക്കി ഏറ്റെടുത്തെന്ന് ഉര്‍ദുഗാന്‍
അങ്കാറ: ഗള്‍ഫ് രാജ്യങ്ങളുമായി കൈക്കോര്‍ത്ത് ഗസ്സ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് തുര്‍ക്കി. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന് തുര്‍ക്കി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. സംഘര്‍ഷം അവസാനിക്കുന്നതോടെ ഗസ്സയെ വീണ്ടും കെട്ടിപ്പടുക്കുന്നതിനും പ്രദേശത്ത് ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിനും ആവശ്യമായ സുപ്രധാനമായ നടപടികള്‍ക്കായി തുര്‍ക്കി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സഹകരണത്തിലൂടെ ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. ഈ ഐക്യത്തിലൂടെ മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് കരുത്തേകാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ മാത്രമേ ഗസ്സയുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ സാധിക്കൂ എന്നാണ് തുര്‍ക്കി ഉറച്ചുവിശ്വസിക്കുന്നത്. ഈ സംയുക്ത ദൗത്യത്തിലൂടെ ഗസ്സയിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭാവിയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുര്‍ക്കി വൃത്തങ്ങള്‍ സൂചിപ്പിച്ചു.