19 കാരന് റീലിൽ ആഡംബര ജീവിതം, എല്ലാം കടമെടുത്തത്; തട്ടിക്കൊണ്ടുപോയി 10 ലക്ഷം ആവശ്യപ്പെട്ട സംഘം കുടുങ്ങി
ഭോപ്പാൽ: സോഷ്യൽ മീഡിയ റീലുകളിലെ ആഡംബര ജീവിതം കണ്ട് 19 കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. പവായി സ്വദേശിയായ വസ്ത്രവ്യാപാരിയുടെ മകൻ അൻഷുൽ എന്ന കാൻഹ ഡെൻഗ്രെയാണ് തട്ടിക്കൊണ്ടുപോയത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിലകൂടിയ വസ്ത്രങ്ങളും ആഡംബര ജീവിതരീതികളും പ്രദർശിപ്പിച്ചുകൊണ്ടുള്ള അൻഷുലിന്റെ റീലുകൾ കണ്ടാണ് പ്രതികൾ യുവാവിനെ ലക്ഷ്യമിട്ടത്. അൻഷുൽ വലിയ സമ്പന്ന കുടുംബത്തിലേതാണെന്നാണ് റീലുകളിലൂടെ തെറ്റിദ്ധരിച്ച പ്രതികൾ വലിയ തുക തട്ടിയെടുക്കാൻ പദ്ധതിയിടുകയായിരുന്നു.
ജൂൺ 27നാണ് പ്രതികൾ അൻഷുലിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് യുവാവിന്റെ കുടുംബത്തോട് 10 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. മകന്റെ ജീവന് അപായമുണ്ടാകുമെന്ന് ഭയന്ന കുടുംബം, പോലീസിൽ പരാതിപ്പെടുന്നതിന് മുൻപ് തന്നെ 1.48 ലക്ഷം രൂപ പ്രതികൾ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. പണം അയച്ചതിന് പിന്നാലെ കുടുംബം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പരാതി ലഭിച്ചയുടൻ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും കൃത്യമായ അന്വേഷണത്തിലൂടെ അൻഷുലിനെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതികളായ രാജ്കമൽ രജക്, രാജ്കുമാർ പാൽ, ശിവേന്ദ്ര സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു പിസ്റ്റൾ, രണ്ട് നാടൻ തോക്കുകൾ, കുറ്റകൃത്യത്തിനായി ഉപയോഗിച്ച രണ്ട് മോട്ടോർ സൈക്കിളുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പവായി സ്‌റ്റേഷൻ ഹൗസ് ഓഫീസർ സുശീൽ കുമാർ അഹിർവാർ സ്ഥിരീകരിച്ചു.