21/07/2026
[fontresizer_tawhidurrahmandear_widget]

അര്‍ജന്റീനയെ പരിഹസിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാവ്

 അര്‍ജന്റീനയെ പരിഹസിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാവ്

മലപ്പുറം: ലോകകപ്പ് ഫുട്ബാൾ ആവേശത്തിനിടയിൽ ഫിഫയെയും അർജന്റീനയെയും പരിഹസിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ട കേരള പൊലീസിനെതിരെ ആരാധകരുടെ വ്യാപക പ്രതിഷേധം. കായികപ്രേമികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മലപ്പുറം സ്വദേശി റാഷിദ് അഹമ്മദ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും (ഡിജിപി) പരാതി നൽകി. ആഭ്യന്തര വകുപ്പ്, സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവർക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്.

സർക്കാർ സംവിധാനമായ പൊലീസിന്റെ ഔദ്യോഗിക പേജ് ചില ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കും ‘ഫാൻസ് പോരുകൾക്കു’മായി ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. കോടിക്കണക്കിന് ആരാധകരുള്ള കായിക ഇനത്തിന്റെ സ്പിരിറ്റിനെയും ആരാധകരെയും അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

അർജന്റീന താരം ലയണൽ മെസ്സിയും റഫറിയും ഒരുമിച്ചുനിൽക്കുന്ന ചിത്രത്തിൽ കേരളത്തിന്റെ ഭൂപടം ഗ്രാഫിക്സിലൂടെ ഉൾപ്പെടുത്തിയായിരുന്നു പൊലീസിന്റെ വിവാദ പോസ്റ്റ്. അർജന്റീനയ്ക്ക് റഫറിയുടെ അനധികൃത സഹായം ലഭിക്കുന്നുണ്ടെന്ന ട്രോളുകളെ ശരിവെക്കുന്ന തരത്തിലായിരുന്നു ഇത്. ‘നിങ്ങൾക്ക് ഞങ്ങളുണ്ട്’ എന്ന ടാഗ് ലൈനും ‘അടിയന്തര സഹായങ്ങൾക്ക് വിളിക്കാം 112’ എന്ന സന്ദേശവും ചിത്രത്തിനൊപ്പമുണ്ടായിരുന്നു.

സംഭവം പുറത്തുവന്നതിന് പിന്നാലെ ഔദ്യോഗിക നിയമപാലക സംവിധാനത്തിന്റെ പേജിലൂടെ ഒരു ടീമിനെയോ ഫിഫയെയോ പരിഹസിക്കുന്നത് തികച്ചും അപക്വമാണെന്ന് ചൂണ്ടിക്കാട്ടി അർജന്റീന ആരാധകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം വലിയ വിവാദമായതോടെ കേരള പൊലീസ് ഔദ്യോഗിക പേജിൽനിന്ന് പോസ്റ്റ് പിൻവലിച്ച് തടിയൂരുകയായിരുന്നു.

Also read: