22/07/2026
[fontresizer_tawhidurrahmandear_widget]

ഗൃഹനാഥന്റെ ഒന്നര മാസം പഴക്കമുള്ള അസ്ഥികൂടം വീട്ടുവളപ്പിൽ; കണ്ടത് ബിൽ അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരൻ

 ഗൃഹനാഥന്റെ ഒന്നര മാസം പഴക്കമുള്ള അസ്ഥികൂടം വീട്ടുവളപ്പിൽ; കണ്ടത് ബിൽ അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരൻ

പേരാമ്പ്ര: പേരാമ്പ്ര ചാലിക്കരയിൽ വീട്ടുപറമ്പിൽ വയോധികൻ്റെ ഒന്നര മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ചാലിക്കര കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണൻ (72) ആണ് മരിച്ചത്. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

വീട്ടിൽ കുഞ്ഞിക്കണ്ണനെ കാണാത്തതിനെ തുടർന്ന് ജീവനക്കാർ കാഞ്ഞങ്ങാടുള്ള സഹോദരി പുത്രനെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. പറമ്പിൽ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ട് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മഴ കാരണം മൃതദേഹം വേഗത്തിൽ അഴുകിപ്പോയിരുന്നു. സമീപത്തുനിന്ന് ഇദ്ദേഹത്തിൻ്റെ ചെരിപ്പും മുണ്ടും കണ്ടെടുത്തു.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന കുഞ്ഞിക്കണ്ണൻ തനിച്ചായിരുന്നു താമസം. ചില സമയങ്ങളിൽ കാഞ്ഞങ്ങാടുള്ള സഹോദരിയുടെ വീട്ടിൽ പോയി താമസിക്കാറുള്ളതിനാൽ അങ്ങോട്ട് പോയതാകാം എന്നാണ് നാട്ടുകാർ കരുതിയത്. അസ്ഥികൂടം ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ സംസ്കരിക്കൂ. പരേതയായ ജാനകിയാണ് ഭാര്യ. മക്കൾ: സനീഷ്, സുമേഷ്. സഹോദരങ്ങൾ: ചന്ദ്രൻ, സരോജിനി, പരേതയായ ജാനു.

Also read: