‘ഹിന്ദുരാഷ്ട്രത്തെ ഭയപ്പെടേണ്ട, ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും ഭീഷണിയാകില്ല’; വിവാദമായി യോഗ ഗുരു ബാബ രാംദേവിന്റെ പ്രസ്താവന
ന്യൂഡൽഹി: ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ ആരും ഭയപ്പെടേണ്ടതില്ലെന്ന വിവാദ പ്രസ്താവനയുമായി യോഗ ഗുരു ബാബ രാംദേവ്. ഇന്ത്യയിലെ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുരാഷ്ട്രത്തിൽ യാതൊരുവിധ ഭീഷണിയും ഉണ്ടാകില്ലെന്നും, മതങ്ങൾ വ്യത്യസ്തമാണെങ്കിലും നമ്മുടെയെല്ലാം പൂർവ്വികർ ഒന്നാണെന്നുമാണ് അദ്ദേഹം പറഞ്ഞു.
ഭാരതത്തിലുള്ള എല്ലാവരുടെയും പൂർവ്വികർ സനാതനി ഹിന്ദു ആര്യവൈദികരായിരുന്നുവെന്നും, താടി വെക്കുന്നതോ വെക്കാതിരിക്കുന്നതോ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതോ ഒന്നും ഒരു പ്രശ്‌നമല്ലെന്നും എന്നാൽ പൂർവ്വികരുടെ സൽസ്വഭാവം കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിതമായാൽ മുസ് ലിംകൾ എങ്ങോട്ട് പോകുമെന്ന ചോദ്യം ഉന്നയിക്കുന്നവർ തങ്ങളുടെ പൂർവ്വികരുടെ പാരമ്പര്യം ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും ഹിന്ദുസ്ഥാനിൽ ആർക്കും ഒരപകടവുമില്ലെന്നും രാംദേവ് അവകാശപ്പെട്ടു.
ബാബ രാംദേവിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ പ്രമുഖ രാഷ്ട്രീയ നേതാക്കളും വിവിധ മുസ്ലീം മതനേതാക്കളും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ പൗരന്മാർക്കും അവരുടെ വിശ്വാസങ്ങൾക്കും സംരക്ഷണം നൽകുന്നത് രാജ്യത്തിന്റെ ഭരണഘടനയാണെന്നും അതിന് പുറത്തുള്ള ഒരു ആശയവും അംഗീകരിക്കാനാവില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പ്രതികരിച്ചു.
എല്ലാവരും സനാതനികളാണെങ്കിൽ പിന്നെ എന്തിനാണ് സമൂഹത്തിൽ ഇത്തരത്തിൽ ഭിന്നതകൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ബാബ രാംദേവിനെപ്പോലെയുള്ളവർ രാജ്യത്തെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് ഫക്രുൽ ഹസൻ ചാന്ദ് കുറ്റപ്പെടുത്തി. ഭരണകക്ഷിയായ ബിജെപി തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ വേണ്ടിയാണ് ഇത്തരം ചർച്ചകൾ പൊതുസമൂഹത്തിൽ കൊണ്ടുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.