‘കേന്ദ്രമന്ത്രിയുടെ രാജി വിദ്യാർത്ഥികളുടെ ലക്ഷ്യം മാത്രമല്ല, രാഷ്ട്രീയത്തേക്കാൾ രാജ്യമാണ് പ്രധാനം’; കടുത്ത മോദി ഭക്തനായ വൈറൽ മീം താരം സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിൽ
ന്യൂഡൽഹി: വൈറൽ മീമിലൂടെ ശ്രദ്ധേയനായ കടുത്ത മോദി ഭക്തൻ ഗൗതം സിങ് ജാട്ട് സിജെപി സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹം സമരപ്പന്തലിൽ സജീവമാണ്. 2025ൽ പുറത്തുവന്ന അഭിമുഖത്തിൽ, ആട്ടയുടെ വില കിലോയ്ക്ക് 15,000 രൂപയായി ഉയർന്നാലും താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കേ വോട്ട് ചെയ്യൂ എന്ന് പറഞ്ഞ് ഗൗതം വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ നിലവിൽ നീറ്റ്യു.ജി പരീക്ഷാ ക്രമക്കേടിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന വലിയ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ ഇദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
തനിക്ക് എപ്പോഴും രാഷ്ട്രീയത്തേക്കാൾ സ്വന്തം രാജ്യമാണ് പ്രധാനമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി വിദ്യാർത്ഥികൾ മാത്രമല്ല ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി ഇദ്ദേഹം പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. ‘അമേരിക്ക ക്യാ കെഹ്താ താ’ എന്ന ഒരൊറ്റ മീമിലൂടെ യുവാവ് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഉത്തരപ്രദേശിലെ മഥുര സ്വദേശിയായ ഗൗതം നിലവിൽ ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശ്രീ അരബിന്ദോ കോളേജിൽ ബി.എ മൂന്നാം വർഷ വിദ്യാർത്ഥിയാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി, ആശുപത്രിയിലുള്ള സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ മോചനം, പരീക്ഷാ ക്രമക്കേടിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.