‘വിമതരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ല, പോയവരുടെ ഒഴിവിലേക്ക് പുതിയ ആളുകൾ തയ്യാർ’; തൃണമൂൽ വിമതരോട് ബിജെപിയിൽ ചേരാൻ വെല്ലുവിളിച്ച് മമത
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട വിമത നേതാക്കളെയും ബി.ജെ.പിയെയും നേരിട്ട് വെല്ലുവിളിച്ച് പാർട്ടി അധ്യക്ഷ മമത ബാനർജി രംഗത്തെത്തി. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ശേഷം വഞ്ചന കാണിച്ച വിമതർക്ക് ധൈര്യമുണ്ടെങ്കിൽ ഔദ്യോഗികമായി ബി.ജെ.പിയിൽ ചേരാൻ മമത വെല്ലുവിളിച്ചു. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. വിമത നേതാക്കൾക്ക് ഇനി തൃണമൂലിലേക്ക് തിരികെ പ്രവേശനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയ അവർ, അഴിമതിക്കാരും വഞ്ചകരുമായ നേതാക്കൾ പാർട്ടി വിട്ടുപോകുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്നും, ഒഴിവുവരുന്ന സ്ഥാനങ്ങളിലേക്ക് വരാൻ പുതിയ ആളുകൾ തയാറാണെന്നും കൂട്ടിച്ചേർത്തു.
വെസ്റ്റ് ബംഗാളിൽ ബി.ജെ.പിക്കെതിരെ പോരാടുന്നതിനായി എല്ലാവരും ‘ഇൻഡ്യ’ മുന്നണിക്ക് കീഴിൽ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത മമത, പ്രതിപക്ഷ ഐക്യത്തിനായി താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്നം തങ്ങളിൽ നിന്ന് തട്ടിയെടുത്ത് വിമതർക്ക് നൽകിയാൽ പോലും ജനങ്ങൾ ആരുടെ കൂടെയാണെന്ന് തീരുമാനിക്കുമെന്നും പ്രസ്ഥാനം തകരില്ലെന്നും അവർ ഉറപ്പിച്ചുപറഞ്ഞു. ഇ.ഡി, സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളെ ഭയന്നാണ് പലരും ബി.ജെ.പിയുടെ ഒത്താശയോടെ വിമത ചേരി രൂപീകരിച്ചതെന്നും, ജനങ്ങളെ ഒപ്പം നിർത്തി രാഷ്ട്രീയ പോരാട്ടം ശക്തമായി തുടരുമെന്നും മമത ബാനർജി വ്യക്തമാക്കി.