‘വിദ്യാർത്ഥികളെ വിട്ടയക്കാതെ മാറില്ല’; പൊലീസ് വാഹനത്തിന് മുന്നിൽ ഭയമില്ലാതെ ഉറച്ചുനിന്ന 27-കാരി, സമരമുഖത്ത് തരംഗമായി റിയ ആഹിർ
പ്രതിഷേധത്തിനിടെ, വിദ്യാർത്ഥികളുമായി പോയ പൊലീസ് വാൻ റിയ ആഹിർ ഒറ്റയ്ക്ക് തടഞ്ഞുനിർത്തുന്നു
മുംബൈ: ഡൽഹിയിൽ നടക്കുന്ന സി.ജെ.പി. പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ, വിദ്യാർത്ഥികളുമായി പോയ പൊലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞുനിർത്തിയ റിയ ആഹിർ എന്ന 27-കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബുധനാഴ്ച ദാദറിലെ ശിവജി പാർക്കിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത പ്രക്ഷോഭകരുമായി നീങ്ങിയ പൊലീസ് വാഹനത്തിന് മുന്നിലേക്ക് കയറിനിന്ന റിയയുടെ വീഡിയോ വൈറലായതോടെയാണ് ഈ ധീരവനിതയെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ച് നിരവധിയാളുകൾ രംഗത്തെത്തിയത്.
ഹുഡിയും തൊപ്പിയും ധരിച്ച്, കനത്ത മഴയെപ്പോലും അവഗണിച്ച് റോഡിന് നടുവിൽ പൊലീസ് വാഹനത്തിന് കുറുകെ നിൽക്കുന്ന റിയയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എൻജിൻ ഇരപ്പിച്ച് പൊലീസ് ഭയപ്പെടുത്താൻ ശ്രമിച്ചിട്ടും ഈ 27-കാരി ഒരിഞ്ചുപോലും പിന്നോട്ട് മാറിയില്ല. വാഹനത്തിൽ കൈയുംകുത്തിനിന്ന് റിയ ‘ആസാദി’ മുദ്രാവാക്യം വിളിച്ചതോടെ, ചുറ്റും കൂടിയ നാട്ടുകാരും പ്രക്ഷോഭകരും ആവേശത്തോടെ മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുകയായിരുന്നു.
പൊലീസ് വാനിൽ വിദ്യാർത്ഥികളെ തിക്കിനിറച്ച് കൊണ്ടുപോകുന്നത് കണ്ടപ്പോൾ ഒരു പൗരയെന്ന നിലയിൽ സ്വയം തോന്നിയാണ് വാനിനു മുന്നിൽ കയറിനിന്നതെന്ന് റിയ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. വാഹനത്തിൽ വിദ്യാർത്ഥികളെ കുത്തിനിറച്ചിരുന്നത് പുറത്തുനിന്ന് വ്യക്തമായി കാണാമായിരുന്നു എന്നും അവർ അലറി വിളിക്കുകയായിരുന്നു എന്നും റിയ ചൂണ്ടിക്കാട്ടി. പൊലീസുകാർ പോലും വാഹനത്തിന്റെ പടികളിൽ തൂങ്ങിനിൽക്കുന്ന അവസ്ഥയിലായിരുന്നു. അറസ്റ്റ് മെമോ ഉണ്ടോ എന്ന് താൻ ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും, ഇതോടെയാണ് വിദ്യാർത്ഥികളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ശാഠ്യംപിടിച്ചതെന്നും അവർ വ്യക്തമാക്കി.
പൂർണ്ണ ബോധ്യത്തോടെയാണ് താൻ ആ നിലപാടെടുത്തതെന്നും, പ്രതിഷേധിക്കാനുള്ള പൗരാവകാശം വിനിയോഗിക്കുകയായിരുന്നുവെന്നും റിയ പറയുന്നു. പ്രക്ഷോഭകരെ കൊണ്ടുപോകാൻ അനുവദിച്ചാൽ ഒരു ബോധമുള്ള പൗരയെന്ന നിലയിൽ തന്റെ ഉത്തരവാദിത്ത നിർവ്വഹണത്തിൽ പരാജയപ്പെടുമെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തെറ്റ് ഏറ്റുപറഞ്ഞ് സ്ഥാനമൊഴിയണമെന്നും റിയ ആവശ്യപ്പെട്ടു.
മോഡലിംഗ്, അഭിനയം, സംരംഭകത്വം എന്നീ മേഖലകളിൽ സജീവ സാന്നിധ്യമാണ് റിയ ആഹിർ. ഇൻഡോ-തിബറ്റൻ ബോർഡർ പൊലീസിൽ (ഐ.ടി.ബി.പി.) സേവനമനുഷ്ഠിച്ച വ്യക്തിയാണ് റിയയുടെ പിതാവ്. കുടുംബത്തിലെ മറ്റ് ചില അംഗങ്ങളും സായുധസേനാ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഈ കുടുംബ പശ്ചാത്തലമായിരിക്കാം അനീതിക്കെതിരെ ഭയമില്ലാതെ ഉറച്ചുനിൽക്കാൻ തനിക്ക് കരുത്ത് നൽകിയതെന്ന് റിയ കരുതുന്നു. മകളുടെ ഈ ധീരമായ ഇടപെടലിന് കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 13 വർഷമായി ഹിന്ദി നാടകവേദികളിൽ സജീവമായ റിയ നിരവധി മ്യൂസിക് വീഡിയോകളുടെയും ഭാഗമായിട്ടുണ്ട്. രാജ്യത്തെ പ്രാദേശിക കരകൗശല വിദഗ്ധരെയും നെയ്ത്തുകാരെയും പിന്തുണയ്ക്കുന്നതിനായി ‘റിയാസത്ത്’ എന്ന പേരിൽ സ്വന്തമായി ഒരു വസ്ത്ര ബ്രാൻഡും ഇവർ നടത്തുന്നുണ്ട്. നിലവിൽ മുംബൈ യൂണിവേഴ്സിറ്റിയിലൂടെ വിദൂരവിദ്യാഭ്യാസം വഴി ബി.എ. ഇംഗ്ലീഷ് ബിരുദ പഠനം നടത്തിവരികയാണ് റിയ.