‘സോനം വാങ്ചുക് രണ്ടാം അണ്ണാ ഹസാരെ, സർക്കാരുമായി ഡീലുണ്ടാക്കി’; ആരോപണവുമായി കോൺഗ്രസ് എംപി | Congress MP Imran Masood on Sonam Wangchuk
ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കുമെതിരെ ഡൽഹിയിൽ ആഴ്ചകളായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച സോനം വാങ്ചുക്കിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്(Congress MP Imran Masood on Sonam Wangchuk). വാങ്ചുക്കിനെ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയോട് ഉപമിച്ച മസൂദ്, അദ്ദേഹം സർക്കാരുമായി ഡീലുണ്ടാക്കിയാണ് ഉപവാസം അവസാനിപ്പിച്ചതെന്നും ആരോപിച്ചു.
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച രാത്രി വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോൺഗ്രസ് സാഹരൻപൂർ എംപിയായ ഇമ്രാൻ മസൂദ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
സോനം വാങ്ചുക്കിന്റെ സമരം അവസാനിച്ച രീതിയെ ചോദ്യം ചെയ്ത ഇമ്രാൻ മസൂദ് പറഞ്ഞത് ഇങ്ങനെയാണ്: ”അദ്ദേഹം അണ്ണാ ഹസാരെ പാർട്ട് 2 ആണ്. കഴിഞ്ഞ 12 വർഷമായി അണ്ണാ ഹസാരെ മൗനത്തിലാണ്. ഇനി മുതൽ സോനം വാങ്ചുക്കും അതുപോലെ മൗനം പാലിക്കും. സർക്കാരുമായി സംസാരിച്ച് ഡീൽ ഉറപ്പിക്കുമ്പോൾ അവിടെ ഏതെങ്കിലും വിദ്യാർഥികളുടെ പ്രതിനിധികൾ ഉണ്ടായിരുന്നോ? സർക്കാരുമായുള്ള നിങ്ങളുടെ വ്യക്തിപരമായ സ്വാർഥ താൽപ്പര്യങ്ങളല്ലാതെ മറ്റെന്താണ് ഇതിനു പിന്നിലുള്ളത്?’
കടന്നാക്രമിച്ച് ബിജെപിയും സിജെപിയും | Congress MP Imran Masood on Sonam Wangchuk
ഇമ്രാൻ മസൂദിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല രംഗത്തെത്തി. ക്രെഡിറ്റിന് വേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ കോൺഗ്രസ് എത്രത്തോളം താഴ്ന്നുപോകുമെന്നാണ് പൂനെവാല ചോദിച്ചത്.
”പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 21 ദിവസം വിദേശത്തായിരുന്നു. അദ്ദേഹം ഒരിക്കൽ പോലും സോനം വാങ്ചുക്കിനെയോ ജന്തർ മന്തറിലെ വിദ്യാർഥികളെയോ സന്ദർശിച്ചില്ല. എന്നാൽ, കേന്ദ്ര സർക്കാർ പ്രക്ഷോഭകരുമായി സംസാരിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തപ്പോൾ പ്രതിപക്ഷത്തിന് അത് സഹിക്കുന്നില്ല. ഇതിന്റെ ക്രെഡിറ്റ് വാങ്ചുക്കിന് ലഭിക്കാതിരിക്കാൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് എംപിമാർ അധിക്ഷേപങ്ങൾ ചൊരിയുന്നത്. അണ്ണാ ഹസാരെയെയും വാങ്ചുക്കിനെയും ഒരുപോലെ അവഹേളിക്കുകയാണ് കോൺഗ്രസ് ചെയ്തത്.’-ഷെഹ്സാദ് പൂനെവാല വിമർശിച്ചു.
സമരത്തിന് നേതൃത്വം നൽകുന്ന കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയും കോൺഗ്രസിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. ഇതൊരു വിദ്യാർഥി-യുവജന മുന്നേറ്റമാണെന്നും പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതല്ലെന്നും ദിപ്കെ വ്യക്തമാക്കി. വാങ്ചുക്കിന്റെ നിരാഹാര സമരത്തെയും ത്യാഗത്തെയും അഭിനന്ദിച്ച ദിപ്കെ, പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുമുള്ള സമാധാനപരമായ പോരാട്ടം തുടരുമെന്നും അറിയിച്ചു.
തടങ്കലിലുള്ളവർക്ക് മോചനം ഉറപ്പാക്കിയെന്ന് വാങ്ചുക് | Congress MP Imran Masood on Sonam Wangchuk
പ്രക്ഷോഭത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികൾക്കെതിരെ നടപടികൾ ഉണ്ടാകില്ലെന്നും പാർലമെന്റിൽ വിഷയം ചർച്ച ചെയ്യുമെന്നും സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപവാസം അവസാനിപ്പിച്ചതെന്ന് സോനം വാങ്ചുക് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ 65-ഓളം എംപിമാർ തനിക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തുകൾ നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.