പ്രിയദർശിനിയിൽ തിക്കും തിരക്കും; ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ചുവീണു
കോഴിക്കോട്: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്. നാദാപുരം ടി.ഐ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും കക്കട്ട് മണിയൂർതാഴെ സ്വദേശിനിയുമായ വൈഗയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
വിലങ്ങാട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ മണിയൂർതാഴെ സ്‌റ്റോപ്പിൽ നിന്നാണ് വൈഗ കയറിയത്. ബസിൽ യാത്രക്കാരുടെ അമിത തിരക്ക് അനുഭവപ്പെട്ടിരുന്നതിനാൽ വാതിലിന് സമീപത്തെ സ്‌റ്റെപ്പിലാണ് വിദ്യാർഥിനി നിന്നത്. ബസിലുണ്ടായിരുന്ന തിരക്ക് കാരണം ഓട്ടോമാറ്റിക് ഡോർ പൂർണമായി അടക്കാൻ സാധിച്ചിരുന്നില്ല.
തുടർന്ന് യാത്രയ്ക്കിടെ വാതിൽ പെട്ടെന്ന് തുറക്കുകയും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അപകടത്തിൽ പരിക്കേറ്റ വൈഗയെ ഉടൻ തന്നെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോര മേഖലകളിൽ ആവശ്യത്തിന് സർവീസുകൾ ഇല്ലാത്തതാണ് ബസുകളിൽ ഇത്തരത്തിൽ അമിത തിരക്ക് അനുഭവപ്പെടാൻ ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.