30/07/2026
[fontresizer_tawhidurrahmandear_widget]

‘പട്ടാളത്തിൽ നിന്നാണ് വന്നത്, പച്ചക്കറി മാർക്കറ്റിൽ നിന്നല്ല’; അധിക്ഷേപ പരാമർശത്തിൽ മേജർ രവി മാപ്പ് പറയണമെന്ന് വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ

 ‘പട്ടാളത്തിൽ നിന്നാണ് വന്നത്, പച്ചക്കറി മാർക്കറ്റിൽ നിന്നല്ല’; അധിക്ഷേപ പരാമർശത്തിൽ മേജർ രവി മാപ്പ് പറയണമെന്ന് വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ

കൊച്ചി: പച്ചക്കറി കച്ചവടക്കാരെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ സംവിധായകനും നടനുമായ മേജർ രവിക്കെതിരെ പ്രതിഷേധവുമായി വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ. താൻ ഇറങ്ങിവന്നത് പച്ചക്കറി മാർക്കറ്റിൽ നിന്നല്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായതോടെയാണ് അസോസിയേഷൻ രംഗത്തെത്തിയത്. പരാമർശം തിരുത്തി മേജർ രവി പരസ്യമായി മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

നീറ്റ് ക്രമക്കേടിനെതിരെ രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ വിമർശിച്ചുകൊണ്ട് മേജർ രവി നടത്തിയ പ്രസ്താവനകളാണ് വിവാദങ്ങളുടെ തുടക്കം. സമരം ചെയ്ത വിദ്യാർത്ഥികളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചതിന് പിന്നാലെ, പ്രക്ഷോഭത്തെ പിന്തുണച്ചും പോലീസിന്റെ അടിച്ചമർത്തൽ നടപടികളെ വിമർശിച്ചും മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലും മേജർ രവി ഇടപെട്ടിരുന്നു.

ഒരു കുട്ടിയെ അടിക്കുന്നത് കണ്ടപ്പോൾ തോന്നിയ വിഷമം കൊണ്ടാണ് വിസ്മയ പോസ്റ്റിട്ടതെന്നും, അത് കോക്രോച്ച് പാർട്ടിക്ക് ഉള്ള പിന്തുണയായി കാണേണ്ടതില്ലെന്നുമായിരുന്നു മേജർ രവിയുടെ അവകാശവാദം. എന്നാൽ വിസ്മയയ്ക്ക് വേണ്ടി സംസാരിക്കാൻ മേജർ രവി ആരാണെന്നും സ്വന്തമായി ചിന്തിക്കാനുള്ള ശേഷി അവർക്കുണ്ടെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്.

ഈ വിമർശനങ്ങളോട് പ്രതികരിക്കവേയാണ് പച്ചക്കറി കച്ചവടക്കാരെ നിസ്സാരവൽക്കരിച്ച് മേജർ രവി സംസാരിച്ചത്. “താൻ ഇറങ്ങിവന്നത് പട്ടാളത്തിൽ നിന്നാണ് അല്ലാതെ പച്ചക്കറി മാർക്കറ്റിൽ നിന്നല്ല. അതാരും മറക്കണ്ട” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇതോടെ സംഭവം കൂടുതൽ വിവാദമാവുകയും പൊതുജനങ്ങളിൽ നിന്നും കച്ചവടക്കാരിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തു. ‘നിലപാടില്ലാത്തവർ എവിടെ നിന്ന് വന്നിട്ടും കാര്യമില്ല. പച്ചക്കറി കച്ചവടം മോശമാണോ, പച്ചക്കറി മാർക്കറ്റ് മോശം സ്ഥലമാണോ, എവിടെ നിന്ന് വന്നാലും വിവരക്കേട് പറഞ്ഞ് നടന്നാൽ ജനങ്ങൾ കളിയാക്കും’ തുടങ്ങി നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ ഉയരുന്നത്.

Also read: