03/08/2026
[fontresizer_tawhidurrahmandear_widget]

വനിതാ ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമ കേസ്: ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി വെറുതെ വിട്ടു

 വനിതാ ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമ കേസ്: ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി വെറുതെ വിട്ടു

ന്യൂഡൽഹി: വനിതാ ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ബിജെപി മുൻ എംപിയും റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. കേസിൽ കൂട്ടുപ്രതിയായ ഡബ്ല്യുഎഫ്ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെവിട്ടിട്ടുണ്ട്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എസിജെഎം) അശ്വിനി പൻവാർ അടച്ചിട്ട മുറിയിലാണ് വിധി പ്രസ്താവിച്ചത്.

ഡബ്ല്യുഎഫ്ഐ അധ്യക്ഷനായിരിക്കെ ഇന്ത്യയിലും വിദേശത്തും നടന്ന വിവിധ മത്സരങ്ങൾക്കിടയിൽ ബ്രിജ് ഭൂഷൺ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മുൻനിര വനിതാ ഗുസ്‌തി താരങ്ങൾ ഡൽഹിയിലെ ജന്തർ മന്തറിൽ വമ്പൻ പ്രതിഷേധ സമരം നടത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കിയ ഡൽഹി പൊലീസ് 2023 ജൂൺ 15-ന് സമർപ്പിച്ച 1,500 പേജുള്ള കുറ്റപത്രത്തിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത താരത്തിന്റെ പരാതിയിൽ പോക്സോ കേസെടുത്തിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയുണ്ടായി.

കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് കേസിൽ നിർണായക വിധി വരുന്നത്. ദീർഘനാളത്തെ വിചാരണ നടപടികൾക്ക് ശേഷം തെളിവുകളുടെ അഭാവത്തിലാണ് കോടതി ഇരുവരെയും വെറുതെവിട്ടത്. വിചാരണക്കാലയളവിൽ ജാമ്യത്തിലായിരുന്നു ഇരുവരും. കേസിൽ പരാതിക്കാർക്കായി മുതിർന്ന അഭിഭാഷക റബേക്ക ജോണും പ്രതിഭാഗത്തിനായി അഭിഭാഷകൻ രാജീവ് മോഹനും ഹാജരായി.

Also read: