‘ലക്ഷ്യം സർക്കാരിൻ്റെ മനസ്സാക്ഷിയെ ഉണർത്തുകയാണ്, ജീവനൊടുക്കലല്ല’; ഝാർഖണ്ഡിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി സോനം വാങ്‌ചുക്
റാഞ്ചി: ഝാർഖണ്ഡിലെ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് രംഗത്തെത്തി. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഝാർഖണ്ഡ് ക്രാന്തികാരി ലോകതാന്ത്രിക് മോർച്ച നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയോട് ഫോണിൽ സംസാരിച്ച അദ്ദേഹം, പോരാടാൻ ആരോഗ്യം അത്യന്താപേക്ഷിതമാണെന്നും അതിനാൽ ശരീരത്തിന് ഹാനികരമാകാത്ത രീതിയിൽ കുറഞ്ഞത് വെള്ളവും ഉപ്പും എങ്കിലും കഴിക്കണമെന്നും അഭ്യർത്ഥിച്ചു.
പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവ നടത്തിയ പരീക്ഷകളിലെ അഴിമതി കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക, ക്രമക്കേട് ആരോപണം നേരിടുന്ന സ്വകാര്യ ഏജൻസിയായ ടി.ഡി.പി.എൽ നടത്തിയ പരീക്ഷകൾ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാഞ്ചിയിലെ ജയ്‌പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ ജൂലൈ 29 മുതൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 2 മുതലാണ് ദേവേന്ദ്ര നാഥ് മഹ്തോ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
ലക്ഷ്യം സർക്കാരിൻ്റെ മനസ്സാക്ഷിയെ ഉണർത്തുകയാണ്, മറിച്ച് ജീവനൊടുക്കലല്ലെന്നും അതുകൊണ്ട് ജീവൻ നിലനിർത്താൻ അല്പം വെള്ളവും ഉപ്പും കഴിക്കണമെന്നും വാങ്ചുക് വികാരാധീനനായി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന യുവാക്കളെ നേരിട്ട് കണ്ട് പിന്തുണ അറിയിക്കാൻ ഉടൻ തന്നെ റാഞ്ചി സന്ദർശിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. വാങ്ചുക്കിന്റെ ഉപദേശം മാനിച്ച മഹ്തോ വെള്ളവും ഉപ്പും കഴിക്കാൻ സമ്മതിച്ചെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വിഷയത്തിൽ സി.ഐ.ഡി നടത്തുന്ന അന്വേഷണ റിപ്പോർട്ടിനായി സർക്കാർ കാത്തിരിക്കുകയാണെന്ന് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം രാപകലില്ലാതെ കേസ് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ വിദ്യാർത്ഥികൾക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.