‘അപകടസ്ഥലത്ത് ഒരു സ്ത്രീക്കൊപ്പം ശ്രീറാം വെങ്കിട്ടരാമൻ, രക്തം പുരണ്ട കൈകൾ’; കെ.എം ബഷീർ വധക്കേസിൽ നിർണായക സാക്ഷിമൊഴി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയും കൃഷി വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനെതിരെ വിചാരണ കോടതിയിൽ നിർണായക സാക്ഷിമൊഴി. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാമിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കൈകളിൽ രക്തം പുരണ്ടിരുന്നതായി സാക്ഷി തിരുവനന്തപുരം നാലാം അഡിഷനൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.
പി.ഡബ്ല്യു.ഡി ഓഫിസ് വാച്ച്മാനും കേസിലെ അഞ്ചാം സാക്ഷിയുമായ മിഥുൻ തോമസാണ് കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.
അപകടം നടന്ന ദിവസം താനും സുഹൃത്തായ അനിൽകുമാറും പി.ഡബ്ല്യു.ഡി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. വാഹനം അപകടത്തിൽപ്പെടുന്നത് നേരിട്ട് കണ്ടില്ലെങ്കിലും കാർ അപകടത്തിൽപ്പെട്ട് കിടക്കുന്നത് കണ്ടിരുന്നു. അപകടസ്ഥലത്ത് എത്തുമ്പോൾ ആ സമയത്ത് ശ്രീറാം വെങ്കിട്ടരാമനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാമിന്റെ കൈകളിൽ രക്തം പുരണ്ടതായി ശ്രദ്ധയിൽപ്പെട്ടതായും മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.
അപകടത്തിൽ കൊല്ലപ്പെട്ടത് മാധ്യമപ്രവർത്തകൻ കെ.എം ബഷീറാണെന്ന വിവരം പിറ്റേദിവസം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും മിഥുൻ തോമസ് കോടതിയെ അറിയിച്ചു. കേസിലെ നാലാം സാക്ഷിയായ അനിൽകുമാർ നേരത്തെ തന്നെ കോടതിയിൽ എത്തി തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
2019 ഓഗസ്റ്റ് 3-ന് പുലർച്ചെയാണ് കേരളത്തെ നടുക്കിയ വാഹനാപകടം നടക്കുന്നത്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന അമിതവേഗതയിലുള്ള കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
നിലവിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവു നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി പിന്നീട് കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.
കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ് രാജേഷാണ് കോടതിയിൽ ഹാജരായത്.