09/08/2026
[fontresizer_tawhidurrahmandear_widget]

‘ആരും എന്റെ കൂടെ നിൽക്കില്ല, കുറ്റം മാത്രം കേട്ടിട്ട് നിൽക്കാനാകില്ല, ഞാൻ മരിച്ചാൽ എന്റെ ഉപ്പയും ഉമ്മയും കരയൂലേ…’; വിങ്ങലായി റിസയുടെ അവസാന വാക്കുകള്‍

 ‘ആരും എന്റെ കൂടെ നിൽക്കില്ല, കുറ്റം മാത്രം കേട്ടിട്ട് നിൽക്കാനാകില്ല, ഞാൻ മരിച്ചാൽ എന്റെ ഉപ്പയും ഉമ്മയും കരയൂലേ…’; വിങ്ങലായി റിസയുടെ അവസാന വാക്കുകള്‍

കണ്ണൂർ: പൊയ്ത്തുംകടവ് സ്വദേശി ഫാത്തിമത്തുൽ റിസ ജീവനൊടുക്കിയ സംഭവം ഭർത്താവ് ആസിഫിന്റെ കടുത്ത പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം. ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ റിസയെ നിരന്തരം മർദ്ദിച്ചിരുന്നെന്നും ഇതിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്നും കുടുംബം വ്യക്തമാക്കി. സംഭവം നടന്നതിന് പിന്നാലെ കണ്ണൂർ കുടുക്കിമൊട്ട സ്വദേശിയായ ഭർത്താവ് ആസിഫ് വിദേശത്തേക്ക് കടന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ സ്വന്തം വീടുകളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ വർഷം ജനുവരി എട്ടിനായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടതു മുതൽ മകൾക്ക് മർദ്ദനമേറ്റിരുന്നതായി റിസയുടെ കുടുംബം ആരോപിക്കുന്നു. ഏപ്രിൽ 11-ന് റിസ വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയിരുന്നു. അവിടെ വച്ച് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് എം.ഡി.എം.എ ഉപയോഗിക്കുന്നത് എതിർത്തതാണ് അതിക്രമം രൂക്ഷമാകാൻ കാരണമായത്. മാർച്ച് മാസത്തിൽ ഭർത്താവിന്റെ വീട്ടിൽ വച്ച് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ റിസ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഭർത്താവിന്റെ വീട്ടുകാർ ഈ വിവരം അറിയിച്ചില്ലെന്നും റിസയുടെ കുടുംബം പറഞ്ഞു. ഭർത്താവിന്റെ വീട്ടുകാരുടെ ഒത്താശയോടെയാണ് പീഡനങ്ങൾ നടന്നതെന്നാണ് ഉയർന്ന ആരോപണം.

യുവതി ജീവനൊടുക്കിയ ദിവസം നാട്ടിലുണ്ടായിരുന്ന ആസിഫ്, മരണശേഷമാണ് തിരികെ ദുബായിലേക്ക് കടന്നത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ആസിഫിനെ പ്രതിയാക്കി വളപട്ടണം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണത്തിന് മുൻപ് റിസ സുഹൃത്തിനയച്ച കണ്ണീരണിയിക്കുന്ന ഓഡിയോ സന്ദേശത്തിൽ ജീവനൊടുക്കാനുള്ള തീരുമാനത്തെക്കുറിച്ചും ഭർത്താവ് കാട്ടിയ ക്രൂരതകളെക്കുറിച്ചും വിവരിക്കുന്നുണ്ട്.

‘വല്ലാണ്ട് ശ്വാസംമുട്ടുന്നു. ആരും എന്റെ കൂടെ നിൽക്കില്ല. കുറ്റം മാത്രം കേട്ടിട്ട് നിൽക്കാനാകില്ല. അവൻ ചെയ്താലും അതിൻ്റെ കുറ്റം എനിക്കാണ്. നിനക്ക് അറിയില്ലേ.. എന്നെ.. ഞാനെല്ലാം പറഞ്ഞതല്ലേ.. ഞാൻ പോയി കഴിഞ്ഞാൽ നീ ഉപ്പാനോട് എല്ലാം പറയണം. അവൻ നല്ലവനായി ജീവിക്കേണ്ട. എന്നെ ഇല്ലാണ്ടാക്കി അവൻ സുഖിക്കേണ്ട. അവൻ എന്നെ പറ്റി കുറ്റം പറഞ്ഞ് ഉപ്പയുടെയും ഉമ്മയുടെയും മനസിൽ എന്നെ മോശമാക്കും. നീ അങ്ങനെ ചെയ്യാൻ വിടരുത്. നീ എന്തായാലും ഉപ്പയോട് പറയണം. എനിക്ക് തീരെ ഇഷ്‌ടമില്ല ചെയ്യാൻ.. എനിക്ക് ഇനിയും ജീവിക്കണം. എന്റെ ഉപ്പയും ഉമ്മയും കരയൂലേ… അവൻ സന്തോഷമായിരിക്കും. അതെല്ലാം ആലോചിക്കുമ്പോ ചെയ്യാൻ കഴിയുന്നില്ല. ഇങ്ങനെ ഉരുകി തീരാൻ എനിക്ക് കഴിയില്ല. എല്ലാം പറയണേ, കല്യാണം കഴിഞ്ഞത് മുതലുള്ളത്. നിനക്കാണ് എല്ലാ അറിയുന്നത്’, എന്നിങ്ങനെയാണ് റിസ കൂട്ടുകാരിക്ക് അയച്ച ഓഡിയോ സന്ദേശത്തിലുള്ളത്.

Also read: