സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ
തിരുവനന്തപുരം: എൽ.പി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസിൽ വി.ഡി സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദേശപ്രകാരം നടപടിയെടുത്തത്.
മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ തയ്യാറാക്കിയ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ടൈബ്രേക്കറായി ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി വി.ഡി സവർക്കറാണെന്നാണ് ചോദ്യ പേപ്പറിൽ നൽകിയിരുന്നത്.
വിഷയത്തിൽ ആർഎസ്എസ്-ബിജെപി അജണ്ടയുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ ആരോപിച്ചിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.