ടി.ജി മോഹൻദാസിന്റെ അറസ്റ്റ്: ‘അറസ്റ്റിനു മുമ്പ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചില്ല’; പൊലീസിനെതിരെ കോടതി
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്തതിൽ പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം. അറസ്റ്റിനു മുൻപ് നോട്ടീസ് നൽകണമെന്ന നിയമപരമായ ചട്ടം പാലിച്ചില്ലെന്ന് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് അനിവാര്യമായിരുന്നുവെന്ന് തെളിയിക്കുന്ന വസ്തുതകൾ പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരനെ സ്വാധീനിക്കുമെന്ന വാദം നിലനിൽക്കില്ലെന്നും കേസിനാധാരമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കസ്റ്റഡി ആവശ്യമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
തുടർച്ചയായി മൂന്നു ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും ജാമ്യവ്യവസ്ഥയുണ്ട്. 71 വയസ്സുള്ള പ്രതിയുടെ ആരോഗ്യനിലയും പ്രായവും പരിഗണിച്ചാണ് ഇളവ് നൽകിയത്. വാറന്റില്ലാതെ സ്വന്തം വീട്ടിൽ നിന്ന് നടത്തിയ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
ജന്തർമന്തറിലെ സമരക്കാരെ വെടിവെക്കുമായിരുന്നുവെന്നും പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നും സമൂഹമാധ്യമത്തിലൂടെ പരാമർശിച്ചതിനാണ് കേസ്. മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്നെടുത്ത കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കലാപാഹ്വാനം, സ്ത്രീകളുടെ മാന്യതയെ ഹനിക്കൽ തുടങ്ങിയ നാലു കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.