02/09/2026
[fontresizer_tawhidurrahmandear_widget]

പശുത്തോലിൽ നിര്‍മിച്ച ലക്ഷങ്ങളുടെ ബാഗുമായി പാർലമെന്റിൽ; കങ്കണയുടെ ‘ ഗോമാതാ സ്‌നേഹം’ ചോദ്യംചെയ്ത് സോഷ്യൽ മീഡിയ | Kangana Ranaut Hermes Bag Controversy

 പശുത്തോലിൽ നിര്‍മിച്ച ലക്ഷങ്ങളുടെ ബാഗുമായി പാർലമെന്റിൽ; കങ്കണയുടെ ‘ ഗോമാതാ സ്‌നേഹം’ ചോദ്യംചെയ്ത് സോഷ്യൽ മീഡിയ | Kangana Ranaut Hermes Bag Controversy

ന്യൂഡൽഹി: പശു സംരക്ഷണവും സനാതന ധർമവും പരസ്യമായി പ്രചരിപ്പിക്കുകയും പാർലമെന്റിലും പൊതുവേദികളിലും ഹൈന്ദവ സംസ്‌കാരത്തിന്റെ വക്താവായി സ്വയം അടയാളപ്പെടുത്തുകയും ചെയ്യുന്ന നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിനെ ലക്ഷ്യമിട്ട് പുതിയ സോഷ്യൽ മീഡിയ പ്രചാരണം(Kangana Ranaut Hermes Bag Controversy). കങ്കണ പാർലമെന്റിലേക്ക് ഉൾപ്പെടെ കൂടെ കൊണ്ടുവരുന്ന ബാഗ് ആണ് താരത്തെ വെട്ടിലാക്കിയിരിക്കുന്നത്. പശുവിന്റെ തോൽ ഉപയോഗിച്ച് നിർമിച്ച ഫ്രഞ്ച് ആഡംബര ബ്രാൻഡായ ഹെർമിസിന്റെ വിലകൂടിയ ലെതർ ബാഗുകളുമായി കങ്കണ പാർലമെന്റിൽ എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെയാണ് ബി.ജെ.പി നേതാവിന്റെ ഇരട്ടത്താപ്പ് ചോദ്യംചെയ്ത് സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്.

കങ്കണയുടെ പബ്ലിക് ഇമേജും അവരുടെ വ്യക്തിപരമായ ഉപഭോഗ രീതികളും തമ്മിലുള്ള പൊരുത്തക്കേടുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വിവരങ്ങളും എക്‌സ് പ്ലാറ്റ്ഫോമിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊതുവേദികളിൽ ‘ഗോമാതാവിനെ സംരക്ഷിക്കൂ’ എന്ന് ആഹ്വാനം ചെയ്യുകയും വ്യക്തിജീവിതത്തിൽ പശുവിന്റെ തോൽ കൊണ്ട് നിർമിച്ച ഉൽപ്പന്നങ്ങൾ ഫാഷൻ പ്രതീകമായി കൊണ്ടുനടക്കുകയും ചെയ്യുന്നതിൽ വലിയ ഇരട്ടത്താപ്പുണ്ടെന്നാണ് പ്രധാന വിമർശനം.

വിവാദം കത്തിയത് പാർലമെന്റിലെ ഹെർമിസ് ബാഗില്‍നിന്ന് | Kangana Ranaut Hermes Bag Controversy

2026 ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണ് കങ്കണ റണാവത്ത് കൈയിൽ സൂക്ഷിച്ച ഹെർമിസ് ബാഗുകളുടെ വിവരങ്ങൾ അടങ്ങിയ ചിത്രങ്ങൾ എക്‌സിൽ വൈറലായത്. പാർലമെന്റിന്റെ മുറ്റത്തും പരിസരത്തും പരമ്പരാഗത സാരി ധരിച്ച് എത്തിയ കങ്കണയുടെ കൈയിൽ രണ്ട് വ്യത്യസ്ത മോഡലുകളിലുള്ള ഹെർമിസ് ബാഗുകളാണ് വിമർശകരുടെ ശ്രദ്ധയിൽപ്പെട്ടത്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഹെർമിസ് വെബ്സൈറ്റിലെയും മറ്റ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലെയും ഔദ്യോഗിക വിവരങ്ങൾ സഹിതമാണ് കങ്കണയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ക്രീം-ബ്രൗൺ നിറത്തിലുള്ള ഹെർമിസ് ഹെർബാഗ് ആണ് ഒന്ന്. മിലിറ്റയർ കാൻവാസും പ്രോസസ്സ് ചെയ്ത പശുവിൻ തോലും ചേർത്ത് നിർമിച്ചതാണ് ഇതെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ക്ലോ ഡി സെല്ലെ ക്ലോഷർ, റിമൂവബിൾ സിപ്പ് പൗച്ച് എന്നിവയും ഇതോടൊപ്പമുണ്ട്. 5.19 ലക്ഷം രൂപയാണ് ഇതിനു വില വരുന്നത്.

മറ്റൊന്ന് കറുത്ത നിറത്തിലുള്ള ആഡംബര ബാഗാണ്. പൂർണമായും സസ്യ എണ്ണകൾ ഉപയോഗിച്ച് ടാൻ ചെയ്ത സ്വാഭാവിക പശുവിൻ തോൽ അല്ലെങ്കിൽ പശുക്കിടാവിന്റെ തോൽ കൊണ്ട് നിർമിതമെന്നാണ് കമ്പനി വ്യക്തമാക്കുന്നത. അഞ്ചു ലക്ഷം മുതൽ 50 ലക്ഷം വരെയുള്ള ബാഗുകൾ ഈയിനത്തിൽ കമ്പനി പുറത്തിറക്കുന്നുണ്ട്.

ഗുഗ്ലിന്റെ നോളജ് പാനൽ ഡാറ്റയും ഹെർമിസിന്റെ ഔദ്യോഗിക വിവരങ്ങളും ഉദ്ധരിച്ച് പങ്കുവെച്ച പോസ്റ്റുകളിൽ, ഈ ബാഗുകളുടെ ഫ്‌ലാപ്പുകൾ, ഹാൻഡിലുകൾ, സ്ട്രാപ്പുകൾ എന്നിവയെല്ലാം നിർമിച്ചിരിക്കുന്നത് പ്രോസസ്സ് ചെയ്ത യഥാർത്ഥ പശുവിൻ തോൽ കൊണ്ടാണെന്ന് ഉറപ്പിച്ചു പറയുന്നു.

‘മാസ്‌കിട്ട സെലക്ടീവ് സനാതന ധർമം’ | Kangana Ranaut Hermes Bag Controversy

കങ്കണയുടെ നിലപാടുകളിലെ വൈരുധ്യം തുറന്നുകാട്ടി നിരവധി ട്രോളുകളും വിമർശന കുറിപ്പുകളുമാണ് വന്നിട്ടുള്ളത്. പശുവിനെ വിശുദ്ധ മാതാവായി കാണാൻ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ തന്നെ, അതേ പശുവിന്റെ തോൽ വാങ്ങി ഫാഷൻ ആക്‌സസറിയായി ചുമന്നു നടക്കുന്നത് ‘ദിവ്യമായ വൈരുധ്യം’ ആണെന്ന് എക്‌സിലെ കുറിപ്പുകൾ വിമർശിക്കുന്നു. ഫ്രഞ്ച് ആഡംബര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വരുമ്പോൾ പശു സംരക്ഷണവും ഗോവധ വിരുദ്ധ നിലപാടുകളും നിശബ്ദമാകുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്നു.

‘കങ്കണ റണാവത്ത് എന്ന ബി.ജെ.പി എം.പി അഞ്ചു ലക്ഷം രൂപയുടെ ഹെർമിസ് ലെതർ ബാഗും പ്രദർശിപ്പിച്ചാണു നടക്കുന്നത്. പൊതുവേദിയിൽ പശുവിനെ രക്ഷിക്കണമെന്ന നിലപാട് സ്വീകരിക്കുകയും, സ്വകാര്യ ജീവിതത്തിൽ പശുവിനെയും ചുമന്നു നടക്കുകയാണ്. ചോദ്യം ചെയ്താൽ നിങ്ങൾ രാജ്യദ്രോഹി. മിണ്ടാതിരുന്നാൽ അതിനെ സംസ്‌കാരം എന്ന് വിളിക്കാം. ഇത് ധർമമല്ല, പ്രത്യയശാസ്ത്രത്തിന്റെ മാസ്‌കിട്ട സെലക്ടീവ് ധാർമികതയാണ്.”-ഒരു എക്‌സ് യൂസർ വിമർശിക്കുന്നു

പശുവിനെ അമ്മ എന്ന് വിളിക്കുന്നവർ അതിന്റെ തോൽ കൊണ്ട് നിർമ്മിച്ച ബാഗുകൾ ഉപയോഗിക്കുന്നത് എങ്ങനെ ന്യായീകരിക്കുമെന്ന് ചില എക്‌സ് ഉപയോക്താക്കൾ ഹിന്ദിയിൽ ചോദ്യമുന്നയിച്ചു. കൂടാതെ കർഷക സമരകാലത്തും വിദ്യാർത്ഥി പ്രക്ഷോഭ കാലത്തും കങ്കണ എടുത്ത വിദ്വേഷകരമായ നിലപാടുകളെയും ഇതിനോടൊപ്പം പലരും ഓർമിപ്പിച്ചു.

Also read: