‘ഇപ്പോൾ ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല, ആ വരുമാനവും നിലച്ചു’: സുരേഷ് ഗോപി
സുരേഷ് ഗോപി
ആലപ്പുഴ: പൊതുവേദിയിൽ വീണ്ടും രസകരമായ പ്രസംഗവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുൻപത്തെപ്പോലെ ഇപ്പോൾ ഉദ്ഘാടനങ്ങൾക്കായി തന്നെ അധികമാരും വിളിക്കാറില്ലെന്നും, അതുവഴിയുള്ള വരുമാനം നിലച്ചെന്നും അദ്ദേഹം ചിരിയോടെ വെളിപ്പെടുത്തി. ആലപ്പുഴയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
“ഉദ്ഘാടനങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. ഇപ്പോൾ കുറേക്കാലമായി ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല. ഇപ്പോൾ അതുവഴിയുള്ള വരുമാനവും നിലച്ചിരിക്കുകയാണ്. അതിൽ എനിക്ക് പരിഭവമില്ല. ദൈവം എന്ത് നിശ്ചയിക്കുന്നോ അത് നടക്കും. ഇതുവഴിയല്ലെങ്കിൽ മറ്റേതെങ്കിലും വഴി അതുനടക്കും. ഈ ഉദ്ഘാടനം ഒരു തുടക്കമാണ്. ഉദ്ഘാടകനായി വീണ്ടും എത്താനുള്ള ഒരു തുടക്കമാകട്ടെ ഇതെന്നും ഞാൻ എനിക്ക് തന്നെ ആശംസിക്കുന്നു,” സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ വിവിധ ജില്ലകളുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം സദസ്സിനോട് പങ്കുവെച്ചു. “മറ്റൊരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്കും ഇല്ലാത്ത സവിശേഷത എനിക്കുണ്ട്. ഞാൻ ജനിച്ചത് ആലപ്പുഴയിലാണ്. അമ്മയുടെ വീട് തത്തംപള്ളിക്ക് തൊട്ടടുത്ത് കൃഷ്ണൻനായർ വാച്ച് കമ്പനിയുടെ വീടിന്റെ തൊട്ടു തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വലിയ പറമ്പിലുള്ള വീടായിരുന്നു ശിവസദനം എന്ന വീട്. അതൊന്നും ഇപ്പോൾ ഇല്ല. ജനിച്ചത് ആലപ്പുഴ ആണെങ്കിലും അമ്മയുടെ കുടുംബം വാലടിയിലാണ്. അപ്പൂപ്പൻ നാരകത്തറക്കാരനാണ്. കുട്ടനാട്ടുകാരനാണോ എന്ന് ചോദിച്ചാൽ, ആലപ്പുഴ കുട്ടനാട്ടുകാരനല്ല കോട്ടയം കുട്ടനാട്ടുകാരനാണ്.
കൊല്ലത്താണ് പഠിച്ചതും വളർന്നതും. മൂന്നാം വയസ്സിൽ ഈ ഒതളങ്ങാക്കൂട്ടത്തിന് നടുക്ക് നിന്ന്, ഏതാണ്ട് നെഞ്ചൊപ്പം നിന്ന്, ഓളങ്ങൾക്ക് ഒതളങ്ങ വെച്ച് താളം പിടിച്ച് കളിക്കുന്നത് കണ്ട് ഭയന്ന് അച്ഛൻ എന്നെ കൊല്ലത്തേക്ക് കൊണ്ടുപോയി. അങ്ങനെ പഠിച്ചതും വളർന്നതും കൊല്ലത്താണ്. ഏതാണ്ട് കല്യാണം കഴിഞ്ഞ് 32-ാം വയസ്സിലാണ് ഭാര്യയുടെ നാടായ തിരുവനന്തപുരത്ത് എത്തിയത്. എനിക്ക് എം.പിയായി സ്ഥാനം തന്നത് തൃശൂരാണ്. ഈ സവിശേഷത മറ്റേതെങ്കിലും എം.പിക്കോ എം.എൽ.എയ്ക്കോ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടാകില്ല,” എന്നും സുരേഷ് ഗോപി പ്രസംഗത്തിൽ കൂട്ടിചേർത്തു.