‘ദലിതനായതുകൊണ്ട് ഞാൻ പ്രസംഗിച്ച വേദി ബിജെപി ശുദ്ധീകരിച്ചു’; ഗുരുതര ആരോപണവുമായി ഖാർഗെ
മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: താൻ പ്രസംഗിച്ച വേദി ബി.ജെ.പി പ്രവർത്തകർ ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. താൻ ദലിതനായതു കൊണ്ടാണ് അവർ ശുദ്ധികലശം നടത്തിയതെന്നും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്നും ഖാർഗെ രാജ്യസഭയിൽ വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയിൽ ഖാർഗെ പങ്കെടുത്തിരുന്നു. എന്നാൽ അത്തരം തൊട്ടുകൂടായ്മ സംസ്കാരം ബി.ജെ.പിക്കില്ലെന്നും വിഷയം ഗൗരവമായി അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സഭയിൽ മറുപടി നൽകി.
“റാലിയിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. അന്ന് നടത്തിയ പ്രസംഗത്തിൽ പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ കുറിച്ച് പറഞ്ഞിട്ടില്ല. സർക്കാരിൻ്റെ പ്രശ്‌നങ്ങളെ കുറിച്ച് പറയുക മാത്രമാണ് ചെയ്തത്. പക്ഷേ പ്രസംഗത്തിനുശേഷം ബിജെപി പ്രവർത്തകർ വേദി ശുദ്ധീകരിച്ചു. ജനാധിപത്യ സംവിധാനത്തിന് ചേരുന്നതാണോ ഇത്തരം പ്രവൃത്തികൾ? ഇങ്ങനെയുള്ളവർ എങ്ങനെയാണ് ഭരണഘടന സംരക്ഷിക്കുന്നത്? ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രവൃത്തി,” ഖാർഗെ രാജ്യസഭയിൽ രോഷത്തോടെ ചോദിച്ചു.
ഇതൊരു രാഷ്ട്രീയ വിഷയമാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഖാർഗെ പറഞ്ഞു. വർഷങ്ങളായി സഭയിലുള്ള വ്യക്തിയാണ് താനെന്നും, പട്ടികജാതിക്കാരനും ദലിതനുമാണെങ്കിലും തന്നെ സഹായിക്കാനും സംരക്ഷിക്കാനും ആരോടും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോരാടാനുള്ള ശക്തി തനിക്കുണ്ടെന്നും തുടർന്നും പോരാടുമെന്നും പറഞ്ഞ അദ്ദേഹം, തൊട്ടുകൂടായ്മ വച്ചുപുലർത്തി ശുദ്ധികലശം നടത്തി തന്നെ അപമാനിക്കുകയാണെന്നും സഭയിൽ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തെ അപലപിച്ച കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ, ഇതിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന ആരോപണം പൂർണ്ണമായും തള്ളി. ഇത്തരം പ്രവൃത്തികളെ പാർട്ടി ഒരിക്കലും അംഗീകരിക്കില്ലെന്നും, ഖാർഗെയുടെ വികാരം വ്രണപ്പെട്ടതിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ വിശദമായി അന്വേഷിക്കുമെന്നും നഡ്ഡ വ്യക്തമാക്കി. ഖാർഗെയെ അപമാനിക്കുന്നത് സഭയിലുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു.
നേരത്തെ, രാംലീല മൈതാനത്ത് ചടങ്ങ് നടത്തിയ ശ്രീരാമ സേനയ്ക്ക് ബി.ജെ.പിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ആരോപിച്ചതോടെയാണ് വിവാദം കടുത്തത്. സംഭവം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിഷയത്തിൽ പൊലീസ് നടപടിയെടുക്കാത്തതിലും കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. എന്നാൽ രാഷ്ട്രീയ ലാഭത്തിനായി കോൺഗ്രസ് ബി.ജെ.പിയെ ബോധപൂർവം ലക്ഷ്യം വയ്ക്കുകയാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. ഖാർഗെയുടെ ജാതിയുമായി ഈ ചടങ്ങിന് യാതൊരു ബന്ധവുമില്ലെന്നും, സനാതന സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടും വിധത്തിലുള്ള മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നതെന്നും ഉത്തരാഖണ്ഡ് ബി.ജെ.പി വക്താവും കേന്ദ്രമന്ത്രിയുമായ ഖർജൻ ദാസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം രാജ്യസഭയിലും വലിയ തർക്കങ്ങൾക്ക് വഴിതുറന്നത്.