17/08/2026
[fontresizer_tawhidurrahmandear_widget]

‘ചെയ്ത പാപത്തിന് രാജ്യം മാപ്പ് തരില്ല’; വന്ദേമാതരം വിവാദത്തിൽ സോണിയാ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

 ‘ചെയ്ത പാപത്തിന് രാജ്യം മാപ്പ് തരില്ല’; വന്ദേമാതരം വിവാദത്തിൽ സോണിയാ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ കോൺഗ്രസിനെയും സോണിയാ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചിറ്റോർഗഡിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

“നോക്കൂ അവരുടെ (കോൺഗ്രസ്) ധിക്കാരം. കോൺഗ്രസ് പാർട്ടിയുടെ ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കപ്പെടുകയായിരുന്നു. ആലാപനത്തിനിടെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റിനോട് ആലാപനം നിർത്താൻ ആവശ്യപ്പെട്ടു. നാം എല്ലാവരും അത് ടിവിയിൽ കണ്ടു,” അമിത് ഷാ പറഞ്ഞു.

“സോണിയാ ജി, 140 കോടി ജനങ്ങൾ നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ചെയ്ത ഈ പാപത്തിന് ഈ രാജ്യത്തെ ജനങ്ങൾ മാപ്പ് തരില്ല. വന്ദേമാതരം അപൂർണമായി അവസാനിപ്പിക്കുന്നത് ആർക്കെങ്കിലും സ്വപ്നം കാണാനെങ്കിലും കഴിയുമോ?. കോൺഗ്രസുകാർക്ക് ലജ്ജ തോന്നേണ്ടതാണ്. അൽപമെങ്കിലും നാണം അവശേഷിക്കുന്നുണ്ടെങ്കിൽ ബങ്കിംചന്ദ്ര ചാറ്റർജിയുടെ അനശ്വര ആത്മാവിനോടും ജനങ്ങളോടും കൈകൂപ്പി മാപ്പുപറയണം,” അമിത് ഷാ കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും എ.ഐ.സി.സി ആസ്ഥാനത്ത് ആലപിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും പൂർണമായി ആലപിക്കണമെന്ന മോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേരത്തെ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ സ്വാതന്ത്ര്യദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കുകയാണുണ്ടായത്. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പൂർണമായി ആലപിക്കുന്നത് തടയാൻ ശ്രമിച്ചെങ്കിലും പുറത്തുനിന്നെത്തിയ ഗായകസംഘം ആലാപനം പൂർത്തിയാക്കുകയായിരുന്നു.

Also read: