മോദിയുടെ 25 വർഷത്തെ പൊതുസേവനം: ഗാന്ധി ജയന്തി വരെ ‘സേവ സങ്കൽപ്പ് മഹോത്സവ്’ സംഘടിപ്പിക്കാൻ ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുഭരണ രംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന 15 ദിവസത്തെ ക്യാമ്പയിനാണ് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സേവ സങ്കൽപ്പ് മഹോത്സവ്’ എന്ന പേരിലാണ് പരിപാടി നടത്തുക.
2026 ഒക്ടോബർ 7-നാണ് നരേന്ദ്ര മോദി പൊതുസേവന രംഗത്ത് കാൽനൂറ്റാണ്ട് തികയ്ക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന ശുചീകരണ യജ്ഞം, രക്തദാന ക്യാമ്പുകൾ, വൃക്ഷത്തൈ നടീൽ, ആരോഗ്യ ക്യാമ്പുകൾ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലും അങ്കണവാടി ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ആദരിക്കാനും പദ്ധതിയുണ്ട്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ക്യാമ്പയിന്റെ ദേശീയ കൺവീനർ. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഒരു കേന്ദ്രമന്ത്രി ഉൾപ്പെടെ ഏഴംഗ സമിതിക്ക് ഓരോ സംസ്ഥാനത്തും രൂപം നൽകും.