സിറിയയെ ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കി അമേരിക്ക
വാഷിങ്ടൺ: സിറിയയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി ഒഴിവാക്കി. പ്രസിഡൻ്റ് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ തയാറായതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. 14 വർഷത്തെ നീണ്ട ആഭ്യന്തര യുദ്ധത്തിൻ്റെ കെടുതികളിൽ നിന്ന് കരകയറാനും രാജ്യത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഈ തീരുമാനം വലിയ മുതൽക്കൂട്ടാകുമെന്നാണ് സിറിയൻ സർക്കാരിന്റെ വിലയിരുത്തൽ.
പതിറ്റാണ്ടുകളായി തുടർന്ന ഉപരോധ പട്ടികയിൽ നിന്നാണ് അമേരിക്ക സിറിയയെ നീക്കം ചെയ്തിരിക്കുന്നത്. ജൂലൈ 8-ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഈ തീരുമാനം കോൺഗ്രസിനെ അറിയിച്ചിരുന്നു. തുടർന്ന് 45 ദിവസത്തെ കോൺഗ്രസ് അവലോകന കാലയളവ് പൂർത്തിയായതോടെയാണ് തീരുമാനം നിലവിൽ വന്നത്. അന്താരാഷ്ട്ര ഭീകരവാദ പ്രവർത്തനങ്ങളിൽ നിന്ന് സിറിയ പൂർണമായി അകലം പാലിക്കുമെന്ന് പ്രസിഡൻ്റ് അഹമ്മദ് അശ്ശറാ നൽകിയ ഉറപ്പുകളുടെയും പുതിയ നടപടികളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
അമേരിക്കയുടെ നടപടിയെ സിറിയൻ പ്രസിഡൻ്റ് സ്വാഗതം ചെയ്തു. വേദന നിറഞ്ഞ പഴയ കാലം അവസാനിപ്പിച്ച് വികസനത്തിന്റെയും പുനർനിർമ്മാണത്തിന്റെയും പുതിയ കാലത്തേക്ക് രാജ്യം കടക്കുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
1979-ൽ മുൻ പ്രസിഡന്റ് ഹാഫിസുൽ അസദിൻ്റെ കാലത്താണ് സിറിയയെ യുഎസ് പട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് ബശ്ശാറുൽ അസദിൻ്റെ ഭരണകാലത്തും നിയന്ത്രണങ്ങൾ തുടർന്നു. ഒടുവിൽ 2024 ഡിസംബറിലെ വിപ്ലവത്തിലൂടെയാണ് ബശ്ശാർ പുറത്താക്കപ്പെട്ടത്.
പട്ടികയിലുണ്ടായിരുന്നതിനാൽ സിറിയക്ക് വിദേശ സഹായങ്ങളും പ്രതിരോധ കയറ്റുമതിയും സാമ്പത്തിക ഇടപാടുകളും വലിയ തോതിൽ തടസ്സപ്പെട്ടിരുന്നു. ഉപരോധങ്ങളിൽ ഇളവുകൾ വന്നതിനുശേഷവും ബാങ്കുകളും നിക്ഷേപകരും രാജ്യത്ത് പണം മുടക്കാൻ മടിച്ചിരുന്നു. പുതിയ പ്രഖ്യാപനത്തോടൊപ്പം അശ്ശാറയുടെ സംഘടനയെയും ആഗോള ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ തീരുമാനം സാമ്പത്തിക വീണ്ടെടുപ്പിനും വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വലിയ വഴിത്തിരിവാകുമെന്ന് സിറിയൻ ധനമന്ത്രാലയവും സെൻട്രൽ ബാങ്കും വ്യക്തമാക്കി. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും യുഎസ് പ്രതിനിധി ടോം ബരാക്കും തീരുമാനത്തെ സ്വാഗതം ചെയ്തു.