02/09/2026
[fontresizer_tawhidurrahmandear_widget]

ട്രെയിനില്‍ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; അസം സ്വദേശി അറസ്റ്റിൽ

 ട്രെയിനില്‍ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; അസം സ്വദേശി അറസ്റ്റിൽ

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അസം സ്വദേശി റോയൽ രാജു (30) വാണ് പിടിയിലായത്. കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ വിട്ടപ്പോഴായിരുന്നു യുവതിയെ കയറി പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം നടന്നത്.

ശുചിമുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടെ യുവതി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സഹയാത്രികർ ഉടൻ വിവരം റെയിൽവേ അലേർട്ടിൽ വിളിച്ചറിയിച്ചു. തിരൂരിൽവെച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രതിയെ പിടികൂടുകയും ചെയ്തു. ഇതിനിടെ പ്രതി റോയൽ രാജു ആർപിഎഫ് ഉദ്യോഗസ്ഥനായ എഎസ്ഐ ശശിയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

വിവരം തിരൂർ പോലീസിൽ അറിയിച്ചതോടെ എസ്എച്ച്ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പോലീസ് സംഘം റെയിൽവേ സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. പോലീസിനു നേരെയും ഇയാൾ അക്രമാസക്തനായെങ്കിലും ശക്തമായ മൽപ്പിടുത്തത്തിലൂടെ പോലീസ് ഇയാളെ കീഴടക്കി.

സംഭവത്തിൽ പരിക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ കാസർകോട് ചെറുവത്തൂർ സ്വദേശിയായ ശശി (57) യെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മികച്ച സേവനത്തിനുള്ള 2026-ലെ റെയിൽ സേവാ പുരസ്കാരം ലഭിച്ച ഉദ്യോഗസ്ഥനാണ് എഎസ്ഐ ശശി.

Also read: