‘സാരി വലിച്ചുകീറി, കല്ലുകൊണ്ട് പുറത്തടിച്ചു’; കണ്ണൂരിൽ യുവതിക്കും പ്രതിശ്രുത വരനും നേരെ മുൻ ആൺസുഹൃത്തിന്റെയും കുടുംബത്തിന്റെയും ആക്രമണം
കണ്ണൂർ: 23-കാരിയായ യുവതിയെയും പ്രതിശ്രുത വരനെയും മുൻ ആൺസുഹൃത്തും കുടുംബവും ചേർന്ന് മർദിച്ചതായി പരാതി. സംഭവത്തിൽ ആന്തൂർ സ്വദേശി സൗരവ്, പിതാവ് പ്രദീപൻ, മാതാവ് സജിത എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസ് എടുത്തു. വിഷയം സംസാരിച്ച് ഒത്തുതീർപ്പാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം തങ്ങളെ ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
നേരത്തെ സൗരവുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് വിവരമറിഞ്ഞതോടെ യുവതി ഈ വിവാഹബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് തനിക്കെതിരെ ദുഷ്പ്രചാരണങ്ങൾ നടത്തിയ സൗരവിനെതിരെ യുവതി വനിതാ സെല്ലിൽ പരാതി നൽകി. ഈ പരാതി നൽകിയതിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.
വനിതാ സെല്ലിലെ പരാതി സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞാണ് 23-കാരിയെയും പ്രതിശ്രുത വരനെയും ഇവർ ക്ഷണിച്ചത്. എന്നാൽ ധർമ്മശാലയിൽ എത്തിയ ഇവരുടെ വാഹനം തടഞ്ഞുനിർത്തി പ്രതികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രതിശ്രുത വരന്റെ നെഞ്ചിൽ ചവിട്ടുകയും മർദിക്കുകയും ചെയ്തപ്പോൾ തടയാൻ ശ്രമിച്ച യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് കാറിലേക്ക് ഇടിച്ചു. കൈകൾ പിന്നിലേക്ക് തിരിച്ചുപിടിച്ച് കല്ലുകൊണ്ട് പുറത്തടിക്കുകയും ചെയ്തു. ഇതിനുപുറമേ സൗരവിന്റെ പിതാവ് തന്റെ സാരി വലിച്ചുകീറിയെന്നും സൗരവും പിതാവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിച്ചു പരിക്കേൽപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ആയത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് സൗരവിനും കുടുംബത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം, യുവതിക്കും പ്രതിശ്രുത വരനുമെതിരെ സൗരവും പരാതി നൽകിയിട്ടുണ്ട്. ഇരുവരും തന്റെ വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ചുവെന്നാണ് സൗരവിന്റെ ആരോപണം. ഇതേത്തുടർന്ന് ഇവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഉയർന്നുവന്ന രണ്ട് പരാതികളിലും വിശദമായ അന്വേഷണം നടത്തുകയാണെന്ന് തളിപ്പറമ്പ് പോലീസ് വ്യക്തമാക്കി.