27/09/2026
[fontresizer_tawhidurrahmandear_widget]

‘എനിക്കെതിരെ പറഞ്ഞവരുടെ ഭാര്യമാർക്ക് ഞാനാണ് കയർ ക്ഷേമനിധിയിൽ ജോലി കൊടുത്തത്’; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകിയതായി ജി. സുധാകരന്റെ വെളിപ്പെടുത്തൽ

 ‘എനിക്കെതിരെ പറഞ്ഞവരുടെ ഭാര്യമാർക്ക് ഞാനാണ് കയർ ക്ഷേമനിധിയിൽ ജോലി കൊടുത്തത്’; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകിയതായി ജി. സുധാകരന്റെ വെളിപ്പെടുത്തൽ

ജി. സുധാകരൻ

ആലപ്പുഴ: സി.പി.എം നേതാക്കളായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവരുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവേയായിരുന്നു സുധാകരന്റെ പരാമർശം. സഹകരണ വകുപ്പിന് കീഴിൽ ഇവർക്ക് ജോലി വാങ്ങി നൽകിയ താൻ സ്വന്തം കുടുംബത്തിൽ ആർക്കും ജോലി കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“അഴിമതിക്കെതിരെ പോരാടിയ ആളെ അയാളുടെ ജീവിതത്തിന്റെ ഏതാണ്ട് ലാസ്റ്റ് ഭാഗത്തേക്ക് നീങ്ങുമ്പോൾ നശിപ്പിക്കാനാണ് നീക്കം. ചുമ്മാതാണ്, നടക്കത്തില്ല. എനിക്കെതിരെ പറഞ്ഞ ആളുടെ ഭാര്യ ജോലിയില്ലാതെ നിന്നപ്പോൾ ഞാനാണ് കയർ ക്ഷേമനിധിയിൽ ജോലി വാങ്ങിച്ചു കൊടുത്തത്. ഇപ്പോഴും അവിടെയുണ്ട്. ചിരിക്കാൻ പറയുന്നതല്ല. നമ്മൾ അതൊക്കെ ചെയ്തിട്ടുണ്ട്. എംഎ പാസായി നല്ല നിലയിലുള്ള കുട്ടിയായിരുന്നു. എന്റെ വൈഫുമായിട്ട് സംസാരിക്കാൻ എന്റെ വീട്ടിൽ എപ്പോഴും വരുമായിരുന്നു. കയർ ക്ഷേമനിധിയിൽ 19 പോസ്റ്റ് ഒഴിവ് വന്നപ്പോൾ ആദ്യനിയമനം അവർക്കാണ് കൊടുത്തത്. ചിത്തരഞ്ജന്റെ ഭാര്യക്ക് ജോലി കൊടുത്തു. ഹോസ്പിറ്റലിൽ ഒരുപാട് പേർക്ക് ജോലി കൊടുത്തു,” സുധാകരൻ പറഞ്ഞു.

എന്നാൽ സ്വന്തം വീട്ടിൽ ആർക്കും ജോലി നൽകിയിട്ടില്ലെന്നും ഭാര്യയുടെ അനുജത്തി ബികോം പാസായി നിൽക്കുമ്പോഴും ജോലി നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജീവിതത്തിൽ ആരോടെങ്കിലും ഒരു നയാപൈസ വാങ്ങിയതായി പരാതിയില്ലെന്നും അമ്പലപ്പുഴയിലെയും ആലപ്പുഴയിലെയും മാധ്യമപ്രവർത്തകർ പൊതുവേ തനിക്കെതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ.ഡി റിപ്പോർട്ടിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേര് ഉയർന്നുവന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന രീതിയിലാണ് റിപ്പോർട്ടെന്നും എങ്കിലും ഇവർ പണം വാങ്ങിയോ എന്ന് തനിക്കറിയില്ലെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Also read: