‘ഓപ്പറേഷൻ തിയേറ്ററിൽ പവർകട്ട്; ഗർഭിണികൾക്ക് മൊബൈൽ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ
പട്‌ന: ഓപ്പറേഷൻ തിയേറ്ററിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. ബിഹാറിലെ ജമുയി സദർ ആശുപത്രിയിലാണ് ഗുരുതരമായ ഈ സുരക്ഷാവീഴ്ചയുണ്ടായത്. വെള്ളിയാഴ്ച നടന്ന രണ്ട് ഗർഭിണികളുടെ ശസ്ത്രക്രിയക്കിടെയായിരുന്നു സംഭവം. ഏകദേശം 45 മിനിറ്റോളം സമയം ഇവിടെ വൈദ്യുതി തടസ്സപ്പെട്ടു.
പ്രസവ വാർഡിൽനിന്ന് ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയ പൂജ കുമാരി, അഞ്ജനി കുമാരി എന്നിവരുടെ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്. പവർ ബാക്കപ്പായി ആശുപത്രിയിലുണ്ടായിരുന്ന ജനറേറ്ററും പ്രവർത്തിച്ചില്ല. തുടർന്ന് ജീവൻ രക്ഷാർത്ഥം ഡോക്ടർമാർ ടോർച്ചുകളുടെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റുകളുടെയും സഹായത്തോടെ ശസ്ത്രക്രിയ പൂർത്തിയാക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. ശസ്ത്രക്രിയ നടത്തുന്നതിനായി നഴ്‌സ് മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റ് ഓണാക്കി വെളിച്ചം നൽകുന്നത് വീഡിയോയിൽ കാണാം. ഡോ. ശാലിനി കുമാരി, ഡോ. രഘുനന്ദൻ, ഓപ്പറേഷൻ തിയേറ്റർ അസിസ്റ്റന്റ് അമിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോക്ടർമാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ സിവിൽ സർജനും ആശുപത്രി സൂപ്രണ്ടും ഇടപെട്ടിട്ടുണ്ട്.
മുമ്പും ശസ്ത്രക്രിയക്കിടെ സമാനമായ രീതിയിൽ വൈദ്യുതി തടസ്സം നേരിട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയെങ്കിലും ആശുപത്രി മാനേജർ രമേഷ് പാണ്ഡെ ഈ ആരോപണം നിഷേധിച്ചു. അതേസമയം, വിഷയത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും വൈദ്യുതി തടസ്സപ്പെടാനുണ്ടായ കാരണവും ബാക്കപ്പ് സംവിധാനം പ്രവർത്തിക്കാതിരുന്നതും പരിശോധിക്കുമെന്നും ജമുയി സദർ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തനേഷ് കുമാർ അറിയിച്ചു.