30/03/2026
[fontresizer_tawhidurrahmandear_widget]

‘ഒരു മാസം 4 ലക്ഷം കൊടുത്താല്‍ പോര; ഷമിയുടെ മുന്‍ഭാര്യയുടെ ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ്

 ‘ഒരു മാസം 4 ലക്ഷം കൊടുത്താല്‍ പോര; ഷമിയുടെ മുന്‍ഭാര്യയുടെ ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിലേക്ക്. തനിക്കും മകള്‍ക്കും കൊല്‍ക്കത്ത ഹൈക്കോടതി അനുവദിച്ച ജീവനാംശം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ചു.

മാസം 1.5 ലക്ഷം രൂപയും മകളുടെ പരിചരണത്തിനായി 2.5 ലക്ഷം രൂപയും അനുവദിച്ചുകൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെ ചോദ്യം ചെയ്താണ് ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്, ഈ കാലയളവിനുശേഷം കേസ് വീണ്ടും പരിഗണിക്കും.

ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് 2018 മുതല്‍ ഷമിയും ജഹാനും നിയമപരമായി അകന്നു കഴിയുകയാണ്. ഷമിക്കെതിരെ ക്രിമിനല്‍ കേസുകളും ഫയല്‍ ചെയ്യപ്പെട്ടിരുന്നു. വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച ഷമി, തന്റെ ശ്രദ്ധ ക്രിക്കറ്റില്‍ മാത്രമാണെന്നും ഭൂതകാലത്തെക്കുറിച്ച് ഖേദിക്കുന്നില്ലെന്നും അടുത്തിടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ദാമ്പത്യ പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള നിയമപോരാട്ടം ഷമിയുടെ കരിയറിലെ മറ്റൊരു വെല്ലുവിളിയായി തുടരുകയാണ്.

Also read: