27/09/2026
[fontresizer_tawhidurrahmandear_widget]

‘വന്ദേമാതരം മുഴുവനായി തെറ്റിക്കാതെ പാടിയാൽ ഞാൻ രാജിവെക്കാം’; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖർഗെ

 ‘വന്ദേമാതരം മുഴുവനായി തെറ്റിക്കാതെ പാടിയാൽ ഞാൻ രാജിവെക്കാം’; ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖർഗെ

പ്രിയങ്ക് ഖാര്‍ഗെ

ബംഗളൂരു: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂവെന്ന മുൻ നിലപാട് ആവർത്തിച്ച് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖർഗെ. ടെലിപ്രോംപ്റ്ററോ എഴുതിയ കുറിപ്പോ നോക്കാതെ വന്ദേമാതരം മുഴുവൻ തെറ്റില്ലാതെ പാടാൻ ബിജെപി നേതാക്കളായ ബി.വൈ. വിജയേന്ദ്രയേയും ആർ. അശോകയേയും അദ്ദേഹം വെല്ലുവിളിച്ചു. തെറ്റിക്കാതെ ഒരുവട്ടമെങ്കിലും മുഴുവനായി പാടിത്തീർത്താൽ താൻ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കാമെന്നും പ്രിയങ്ക് ഖർഗെ വ്യക്തമാക്കി.

വന്ദേമാതരം രണ്ട് ചരണം മാത്രം ആലപിച്ചാൽ മതിയെന്ന് തീരുമാനിച്ചത് നമ്മുടെ പൂർവികരാണെന്ന് പ്രിയങ്ക് പറഞ്ഞു. “രണ്ട് ചരണം മതിയെന്ന് തീരുമാനിച്ചത് നമ്മുടെ പൂർവികരാണ്. ഇപ്പോഴിതാ അത് മുഴുവനായി പാടണമെന്ന് പ്രധാനമന്ത്രി മോദിയും ബിജെപിയും പറയുന്നു. ജവഹർലാൽ നെഹ്‌റുവിനേക്കാളും സുഭാഷ് ചന്ദ്രബോസിനേക്കാളും നൊബേൽ ജേതാവായ രബീന്ദ്രനാഥ ടാഗോറിനേക്കാളും വലിയവരാണെന്നാണോ ഇവർ കരുതുന്നത്?” എന്നും പ്രിയങ്ക് ചോദ്യമുയർത്തി.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, ദേശീയഗാനമായ ‘ജനഗണമന’ ആലപിക്കുന്നതിന് മുൻപ് വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും നിർബന്ധമായും ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരിയിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ, മുൻപ് ചൊല്ലിവന്നതുപോലെ രണ്ട് ചരണം മാത്രമേ പാടുകയുള്ളൂവെന്ന് ഓഗസ്റ്റ് 19-നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. 1937-ലെ കോൺഗ്രസ് പ്രമേയത്തിലാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന തീരുമാനം എടുത്തത്.

അതേസമയം, കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കർണാടക സർക്കാരിന്റെ ഈ നിലപാടിനെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണ് കർണാടക സർക്കാരിന്റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ഗിരീഷ് ഭരദ്വാജാണ് ഹൈക്കോടതിയെ സമീപിച്ചത്. നിർബന്ധമായും ആറ് ചരണങ്ങളും ആലപിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ വെള്ളം ചേർക്കുന്നത് ശരിയല്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

Also read: