27/09/2026
[fontresizer_tawhidurrahmandear_widget]

‘വെളുക്കാൻ ഉപയോഗിച്ചാൽ പണി കിട്ടും’; പാക് നിര്‍മിത ബ്യൂട്ടി ക്രീമുകളുടെ ഉപയോഗം വിലക്കി ഇന്ത്യ

 ‘വെളുക്കാൻ ഉപയോഗിച്ചാൽ പണി കിട്ടും’; പാക് നിര്‍മിത ബ്യൂട്ടി ക്രീമുകളുടെ ഉപയോഗം വിലക്കി ഇന്ത്യ

ന്യൂഡൽഹി: അനുവദനീയമായ അളവിലും കൂടുതൽ ഘനലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പാകിസ്താനിൽ നിർമിച്ച രണ്ട് പ്രമുഖ ഫെയർനെസ് ക്രീമുകൾക്കെതിരെ രാജ്യവ്യാപക ആരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ‘ഗോറി ബ്യൂട്ടി ക്രീം’, ‘ചാന്ദ്നി വൈറ്റനിങ് ക്രീം’ എന്നീ ഉൽപ്പന്നങ്ങൾക്കെതിരെയാണ് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് സി.ഡി.എസ്.സി.ഒ ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ ഫെയർനെസ് ക്രീമുകളിൽ അനധികൃതമായ സൗന്ദര്യവർധക വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. കൂടാതെ, ഇന്ത്യയിൽ വിൽപന നടത്തുന്നതിന് ആവശ്യമായ ഇറക്കുമതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഇല്ലാതെയാണ് ഇവ വിപണിയിലെത്തിച്ചിട്ടുള്ളതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

പൊതുജനങ്ങൾ ഈ രണ്ട് ക്രീമുകളും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും കൈവശമുള്ളവർ ഉപയോഗം ഉടൻ നിർത്തിവെക്കണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ വിൽപന, വിതരണം, പരസ്യങ്ങൾ എന്നിവ തടയാൻ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡ്രഗ്സ് കൺട്രോളർമാർക്കും സി.ഡി.എസ്.സി.ഒയുടെ വിവിധ സോണൽ, സബ് സോണൽ, പോർട്ട് ഓഫീസുകൾക്കും നിർദേശം നൽകി.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ കൃത്യമായ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഈ മാനദണ്ഡങ്ങളൊന്നും തന്നെ ഈ ക്രീമുകൾ പാലിച്ചിട്ടില്ല. ഇവയുടെ ദീർഘകാല ഉപയോഗം വൃക്കകളെയും നാഡീവ്യവസ്ഥയെയും ബാധിച്ചേക്കാവുന്ന മെർക്കുറി പോലുള്ള ഘടകങ്ങളുടെ സാന്നിധ്യത്തിന് കാരണമാകും. എന്നാൽ ഈ ക്രീമുകളിൽ ഏത് തരം ഘനലോഹങ്ങളാണ് എത്ര അളവിൽ അടങ്ങിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ഇവ രാജ്യത്തേക്ക് എത്തിച്ച വിതരണക്കാരെക്കുറിച്ചോ ഇറക്കുമതിക്കാരെക്കുറിച്ചോ സി.ഡി.എസ്.സി.ഒയുടെ അറിയിപ്പിൽ വിവരങ്ങളില്ല. ഉപഭോക്താക്കൾ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ നിർമാതാവിന്റെ വിവരങ്ങൾ, ബാച്ച് നമ്പർ, കാലാവധി, ഇറക്കുമതി വിവരങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കണം. ഈ ക്രീമുകൾ ഉപയോഗിച്ചവർക്ക് ചർമ്മത്തിൽ വീക്കമോ നിറമാറ്റമോ അസ്വസ്ഥതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡെർമറ്റോളജിസ്റ്റിനെ കാണണമെന്നും, സാധ്യമെങ്കിൽ ക്രീമിന്റെ പാക്കറ്റ് കൂടി ഡോക്ടറെ കാണിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Also read: